ഠാണാ ചന്തക്കുന്ന് റോഡിൽ ഡിവൈഡർ സ്ഥാപിക്കാനുള്ള നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു; ആവശ്യം നേടിയെടുക്കാൻ മുഖ്യമന്ത്രിയെയും ജില്ലാ ഭരണകൂടത്തെയും സമീപിക്കുവാൻ തീരുമാനം

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനത്തിൻ്റെ ഭാഗമായി റോഡിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡർ നീക്കണമെന്നും ഡിവൈഡർ സംവിധാനം അശാസ്ത്രീയമാണെന്നും ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ അധികൃതരും വ്യാപാരികളും പ്രക്ഷോഭത്തിലേക്ക്. ആവശ്യങ്ങൾ നേടിയെടുക്കാൻ സെൻ്റ് തോമസ് പള്ളി ഹാളിൽ ചേർന്ന യോഗം ആക്ഷൻ കൗൺസിലിന് രൂപം നൽകി. ചന്തക്കുന്ന് ഇറക്കം മുതൽ പൂതംക്കുളം വരെ വീതിയില്ലാത്ത റോഡിൽ ഡിവൈഡർ സ്ഥാപിക്കുന്നത് അപകടങ്ങൾക്കും ഗതാഗത കുരുക്കിനും യാത്രക്കാർക്കും പള്ളികളിലേക്കും ഹാളുകളിലേക്കും റോഡിൻ്റെ ഇരുവശത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നവർക്കും കോളേജ് വിദ്യാർഥികൾക്കും താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നവർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് യോഗത്തിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടത്തുന്ന ഡിവൈഡർ നിർമ്മാണ പ്രവർത്തനങ്ങൾ രണ്ട് തവണ പള്ളി അധികൃതരുടെയും വ്യാപാരികളുടെയും നേതൃത്വത്തിൽ തടഞ്ഞിരുന്നു. ആവശ്യം നേടിയെടുക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തെ സമീപിക്കാനും മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജു പോൾ അക്കരക്കാരൻ ജനറൽ കൺവീനർ ആയി ആക്ഷൻ കൗൺസിലിന് രൂപം നൽകി . പള്ളി കൈക്കാരൻമാർ, സാമുദായിക നേതാക്കൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു





