വികസന പദ്ധതിയുടെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ഇടത് കക്ഷികൾ.

വികസന പദ്ധതിയുടെ ഭാഗമായുള്ള ഡിവൈഡർ നിർമ്മാണം നിറുത്തി വയ്ക്കാനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ ഇടത് കക്ഷികൾ. കെഎസ്ടിപി യുടെ തീരുമാനം അവഗണിച്ച് പ്രവ്യത്തി നിർത്തി വയ്ക്കാൻ എംഎൽഎ യുടെ നേതൃത്വത്തിൽ എടുത്ത തീരുമാനം പൊതുജനങ്ങളോടും വികസനത്തോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഎം വിമർശിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ ഇടപെടലുകളെ തുടർന്നാണ് പദ്ധതി യാഥാർഥ്യമായത്. റോഡ് വികസനത്തിന് ആവശ്യമായ ഭൂമി പൊന്നും വിലക്കെടുത്തതാണ്. വിദഗ്ധ എജൻസികളുടെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പദ്ധതി രേഖ പൊതു സമൂഹത്തിൽ പല തവണ ചർച്ച് ചെയ്തതാണ്. അപകടരഹിതമായ യാത്രയ്ക്ക് ഡിവൈഡറുകൾ സ്ഥാപിക്കണമെന്ന് എരിയ സെക്രട്ടറി വി എ മനോജ്കുമാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു
മുൻ മന്ത്രി ഡോ ആർ ബിന്ദുവിൻ്റെയും കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെയും നിരന്തര ഇടപെടലുകളെ തുടർന്ന് യാഥാർഥ്യമാക്കിയ ഠാണാ ചന്തക്കുന്ന് വികസന പദ്ധതി അട്ടിമറിക്കരുതെന്നും ഡിവൈഡർ നിർമ്മാണം പൂർത്തികരിക്കണമെന്നും സിപിഐ മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു . വലിയ സാമ്പത്തിക ചിലവിൽ ഭൂമി ഏറ്റെടുത്തും ശാസ്ത്രീയമായ ആസൂത്രണത്തിലൂടെയും നടപ്പിലാക്കിയ പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തുമ്പോൾ തടസ്സപ്പെടുത്തുന്നത് ജനങ്ങളുടെ യാത്രാ സുരക്ഷയെ ബാധിക്കുമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.










