ഡൽഹി പോലീസ് ചമഞ്ഞ് മതിലകം സ്വദേശിയിൽ നിന്ന് 12 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിൽ വീട്ടിൽ മുഹമ്മദ് ഷബാബിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.എസ് എൻ പുരം സ്വദേശിയെ പോലീസ് യൂണിഫോമിൽ വീഡിയോ കോളിൽ വിളിച്ച പ്രതി ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നും ആണെന്നും ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോൺ എടുത്തു എന്നും പരാതിക്കാരനെ ഡൽഹി പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒൺലൈനായി മൂന്ന് തവണകളായാണ് പണം തട്ടിയത്. ഈ കേസ്സിലെ മറ്റൊരു പ്രതിയായ വയനാട് സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് സ്വദേശി മച്ചിങ്ങാതൊടിയിൽ വീട്ടിൽ മുഹമ്മദ് ഫസലിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു.



