മഹാരാഷ്‌ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണുണ്ടായ അപകടത്തില്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് (55) ദാരുണാന്ത്യം.വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും മരണപ്പെട്ടു. ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. രാവിലെ ഒൻപത് മണിയോടെ മുംബയില്‍ നിന്ന് പറന്നുയർന്ന് ഒരുമണിക്കൂറിനുശേഷമാണ് അപകടമുണ്ടായത്.നാല് പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് ഉപമുഖ്യമന്ത്രി ബാരാമതിയിലേയ്ക്ക് വിമാനമാർഗം എത്തിയതെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എല്‍ ആന്റ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനം പൂർണമായും കത്തിനശിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.



