സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ ഉയര്‍ച്ച. രാവിലെ വര്‍ധിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില കുതിച്ചുയര്‍ന്നു.ഗ്രാമിന് 175 രൂപ ഉയര്‍ന്നതോടെ സ്വര്‍ണവില 15,315 രൂപയായി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 1,22,520 രൂപയിലേക്കെത്തി. ഇന്ന് രാവിലെ തന്നെ സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രാവിലെ (28/01/2026) ഗ്രാമിന് 295 രൂപ ഉയര്‍ന്ന് 15,140 രൂപയായപ്പോള്‍, പവന്‍ വില 2,360 രൂപ ഉയര്‍ന്ന് 1,21,120 രൂപയായി. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും വില ഉയര്‍ന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 145 രൂപയും, 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 208.55 ഡോളര്‍ ഉയര്‍ന്ന് 5,293 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ 4.10 ശതമാനം നേട്ടമാണ് സ്വര്‍ണം നേടിയത്. യു.എസ് ഡോളറിന്റെ ദുര്‍ബലതയാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഡോളര്‍ വീണത്. ഇതോടൊപ്പം യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തലപ്പത്ത് താന്‍ അവരോധിക്കുന്നയാള്‍ എത്തുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.



