loader image
നികുതി അടച്ച രസീത് കിട്ടാനില്ല, ആനുകൂല്യങ്ങള്‍ കാത്ത് കര്‍ഷകര്‍

നികുതി അടച്ച രസീത് കിട്ടാനില്ല, ആനുകൂല്യങ്ങള്‍ കാത്ത് കര്‍ഷകര്‍

നികുതി അടച്ച രസീത് പല വില്ലേജ് ഓഫീസുകളില്‍ നിന്നും യഥാസമയം കിട്ടാത്തതിനാല്‍ ഇൻഷ്വറൻസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി നെട്ടോട്ടമോടി കർഷകർ.ഭൂമി സംബന്ധമായ രേഖകള്‍ കമ്പ്യൂട്ടർവല്‍ക്കരിക്കുന്നതും രേഖകളിലുളള വ്യത്യാസങ്ങളുമാണ് രസീത് ലഭ്യമാക്കാൻ തടസമാകുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. റീസർവേയുടെ സാങ്കേതിത്വം ചൂണ്ടിക്കാണിച്ചും രസീത് നിഷേധിക്കുന്നുണ്ടെന്നത്രെ. വില്ലേജ് ഓഫീസർമാരും കൃഷി ഓഫീസർമാരും കൈമലർത്തുമ്പോള്‍കോള്‍പടവുകളിലെ കർഷകർ അടക്കമാണ് പ്രതിസന്ധിയിലാകുന്നത്. ബാങ്കുകളുടെ വായ്പകള്‍ ലഭിക്കുന്നതിനും നികുതി അടച്ച രസീത് വേണം. ഭൂരിഭാഗം കർഷകരും വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. രസീത് ലഭിക്കാത്തതിനാല്‍ വായ്പയ്ക്ക് അപേക്ഷിക്കാനാകുന്നുമില്ല.

വളം പോലും കിട്ടില്ല

തെങ്ങിനും നെല്ലിനുമെല്ലാം വളം സബ്‌സിഡിയില്‍ ലഭിക്കാൻ കൃഷിഭവനുകളില്‍ നികുതി അടച്ച രസീതും ബാങ്ക് അക്കൗണ്ടിന്റെ പകർപ്പും വേണം. സപ്ലെെകോയ്ക്ക് നെല്ല് നല്‍കാൻ പോലും കഴിയില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട നിരവധി കർഷകർക്ക്, നിശ്ചിത തീയതിക്ക് മുമ്പായി അപേക്ഷകള്‍ സമർപ്പിക്കാത്തതിനാല്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കോള്‍ കർഷകസംഘം പറയുന്നു. അതേസമയം, കമ്പ്യൂട്ടർവല്‍ക്കരണം പൂർത്തിയായ വില്ലേജ് ഓഫീസുകളില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. വിവിധ കൃഷി സബ്‌സിഡി, കോടതി സംബന്ധമായ ഇടപാടുകള്‍, ഭൂമികൈമാറ്റം, വായ്പാ രേഖകള്‍, വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയവയ്‌ക്കെല്ലാം നികുതി അടച്ച രസീത് ആവശ്യമാണ്. അപേക്ഷകളുടെ കൂടെ തന്നെ നികുതി അടച്ച രസീത് ഹാജരാക്കണം. വായ്പ എടുക്കുന്നതിന് മാത്രമല്ല പുതുക്കുന്നതിനും ബാങ്കുകളിലേക്ക് നികുതി അടച്ച രസീത് നല്‍കണം.

See also  വിശ്വാസത്തിന്റെ വഴിയിൽ സാങ്കേതിക വെളിച്ചം; ഗുരുവായൂർ ക്ഷേത്രം ഡിജിറ്റൽ ദർശനത്തിലേക്ക്- Guruvayoor

പിഴയുണ്ടെങ്കിലും പണിയാകും

പാട്ടത്തിനെടുത്ത ഭൂമിക്ക് നികുതി കുടിശികയുള്ളതും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നികുതി കുടിശിക ഉണ്ടെങ്കില്‍ സങ്കീർണമാകും. കേസുകളില്‍പ്പെട്ട ഭൂമികളുടേയും രസീത് കിട്ടില്ല. മലയോര മേഖലയില്‍ മുൻപ് വനഭൂമിയായിരുന്ന സ്ഥലങ്ങളിലും ഇതേ പ്രശ്‌നമുണ്ട്. വരള്‍ച്ച മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം കിട്ടാൻ പ്രയാസമാകും.

നികുതി രസീത് കിട്ടാതെ പല കർഷകരും പ്രതിസന്ധിയിലാണ്. കൃത്യസമയത്ത് രസീത് ലഭ്യമാക്കാൻ നടപടികളുണ്ടാവണം.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close