34 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി
അക്ഷയ ബിഗ് ക്യാമ്പയിൻ പരിപാടിയിലൂടെ 34 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് അനുവദിച്ചു. 37പേർക്ക് ആധാർ കാർഡും 27 പേർക്ക് വരുമാന സർട്ടിഫിക്കറ്റും ലഭിച്ചു. 12 പേർക്ക് ജാതി സർട്ടിഫിക്കറ്റും 10 പേർക്ക് വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ക്യാമ്പിലൂടെ ലഭിച്ചു. ആറു പേർക്ക് തിരഞ്ഞെടുപ്പ് വോട്ടർ ഐഡിയും നാലുപേർക്ക് സ്ത്രീ സുരക്ഷാ പദ്ധതി രജിസ്ട്രേഷനും രണ്ടുപേർക്ക് ജനന സർട്ടിഫിക്കറ്റും നൽകി. ഒരു വിവാഹ രജിസ്ട്രേഷനും നടന്നു.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ ഭാഗങ്ങളിലെ ഒൻപത് ആദിവാസി ഊരുകളിൽ നിന്നുള്ള 160 പേർ ക്യാമ്പിൽ പങ്കെടുത്തു.
പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെൻറ് ഡിജിറ്റൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ മൂന്നാം ഘട്ട ക്യാമ്പാണ് വ്യാഴാഴ്ച അരൂർമൊഴിയിൽ നടന്നത്.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. സതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി കെ.എം. പ്രീതി അധ്യക്ഷത വഹിച്ചു. ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എം. ശശി, അക്ഷയ കോഡിനേറ്റർ യു.എസ്. ശ്രീശോഭ്, സ്പെഷ്യൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. അനൂപ്, ടി.ഇ.ഒ. പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മഹേശ്വരി, രാജേശ്വരി, അക്ഷയ ബ്ലോക്ക് കോഡിനേറ്റർമാരായ ഇ.കെ. ശ്രീന, കെ.വി. റീജ എന്നിവർ നേതൃത്വം നൽകി.



