62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നല്‍കാൻ 1,050 കോടി രൂപ അനുവദിച്ചു

62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപ വീതം, ക്ഷേമ പെന്‍ഷന്‍ നല്‍കാൻ 1,050 കോടി രൂപ അനുവദിച്ചു

ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യും.

8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പി.എഫ്.എം.എസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്രഡിറ്റ് ചെയ്യും. എന്നാല്‍, ഇതും പലപ്പോഴും വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സര്‍ക്കാര്‍ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപ പെന്‍ഷന്‍കാര്‍ക്ക് ലഭ്യമാക്കി. 2011-16 -ല്‍ ചുമതലയിലുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ 9,011 കോടി രൂപയാണ് നല്‍കിയത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി 2,000 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പ്രതിമാസം 1,050 കോടിയോളം രൂപയാണ് പെന്‍ഷനായി നല്‍കുന്നത്. ഇത് ഒരു കുടിശികയുമില്ലാതെ അതാത് മാസം തന്നെ വിതരണം ചെയ്യുന്നു. നിലവില്‍ ഒരു വര്‍ഷം ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്നത് 14,500 കോടി രൂപയാണ്. അടുത്തവര്‍ഷത്തേയ്ക്കും ഇതിനുള്ള വകയിരുത്തല്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Spread the love
See also  ഒബിസി വിഭാഗത്തിന് സൗജന്യ ടെക്‌നിക്കല്‍ പരിശീലനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top