ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേല്‍ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.
സിലിണ്ടറുകള്‍ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ ശൃംഖല സുഗമമാക്കാനുമാണ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഉള്‍പ്പടെയുള്ള കമ്പനികള്‍ ബുക്കിംഗ് നടപടികള്‍ പരിഷ്കരിച്ചത്. പുതിയ നിബന്ധന പ്രകാരം നഗരപ്രദേശങ്ങളില്‍ ഒരു സിലിണ്ടർ ലഭിച്ചാല്‍ അടുത്ത ബുക്കിംഗിനായി 25 ദിവസം കാത്തിരിക്കണം. ഗ്രാമപ്രദേശങ്ങളിലും വിദൂര മേഖലകളിലും ഈ ഇടവേള 45 ദിവസമായിരിക്കും.
ഉപഭോക്താക്കളുടെ കണക്ഷൻ തരത്തിന് അനുസരിച്ചും നിയന്ത്രണങ്ങളില്‍ വ്യത്യാസമുണ്ട്. നിലവില്‍ ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കള്‍ക്ക് 25 ദിവസത്തിന് ശേഷം റീഫില്‍ സാദ്ധ്യമാകുമ്പോള്‍, ഇരട്ട സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് 45 ദിവസം കഴിഞ്ഞാല്‍ മാത്രമേ അടുത്ത അപേക്ഷ നല്‍കാൻ സാധിക്കൂ. കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം കണക്ഷൻ എടുത്തവർക്ക് നഗര-ഗ്രാമ ഭേദമന്യേ 45 ദിവസത്തെ ഇടവേള നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഇവർക്ക് വർഷത്തില്‍ ലഭിക്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് ഒൻപതാക്കി കുറയ്ക്കുകയും ചെയ്തു.
ചെറു സിലിണ്ടറുകളുടെ വിതരണത്തിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഞ്ച് കിലോ സിലിണ്ടറുകള്‍ക്ക് നഗരങ്ങളില്‍ ഒൻപത് ദിവസവും ഗ്രാമങ്ങളില്‍ 16 ദിവസവുമാണ് ബുക്കിംഗ് ഇടവേള. പത്ത് കിലോയുടെ കോമ്പോസിറ്റ് സിലിണ്ടറുകള്‍ക്ക് നഗരങ്ങളില്‍ 18 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവും കാത്തിരിക്കണം. നിശ്ചിത കാലാവധിക്ക് മുമ്പ് ബുക്ക് ചെയ്യാൻ ശ്രമിച്ചാല്‍ സിസ്റ്റം ആ അപേക്ഷകള്‍ സ്വയമേവ നിരസിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബുക്കിംഗിന് പുതിയ നമ്പർ
സിലിണ്ടർ ബുക്കിംഗിനായി ഏജൻസികളില്‍ നേരിട്ട് വിളിക്കുന്നതിന് പകരം ഐ.വി.ആർ.എസ്, മിസ്ഡ് കോള്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് കമ്പനികള്‍ നിർദ്ദേശിക്കുന്നു. എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് 9222201122 എന്ന നമ്പറിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചും ബുക്ക് ചെയ്യാം. രാജ്യത്ത് നിലവില്‍ ആവശ്യത്തിന് ഗ്യാസ് സ്റ്റോക്കുണ്ടെന്നും അതിനാല്‍ പരിഭ്രാന്തരായി മുൻകൂട്ടി ബുക്ക് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സർക്കാർ അറിയിച്ചു. മുമ്പ് സിലിണ്ടർ ഡെലിവറി ചെയ്ത തീയതി മുതല്‍ പുതിയ ബുക്കിംഗ് വരെയുള്ള കാലാവധിയാണ് നിയന്ത്രണത്തിനായി പരിഗണിക്കുന്നത്.

