കടലാശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

കടലാശേരിയിൽ മുത്തശ്ശിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണം കവർന്ന കേസ്: കൊച്ചുമകന് ജീവപര്യന്തം തടവും പിഴയും

വല്ലച്ചിറ കടലശ്ശേരിയിൽ വീട്ടിൽ തനിച്ചു താമസിച്ചിരുന്ന എഴുപത്തിയെട്ടുകാരിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കൊച്ചുമകന് ജീവപര്യന്തം തടവും കൂടാതെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ ഗോകുൽ (36) നെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്.

2022 ഫെബ്രുവരി 25-നായിരുന്നു നാടിനെ നടുക്കിയ സംഭവം. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78) ആണ് കൊല്ലപ്പെട്ടത്. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ ഗോകുൽ വീട്ടിൽ അതിക്രമിച്ചു കയറുകയും, തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്‌പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 24 സാക്ഷികളെ വിസ്തരിക്കുകയും 39 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. ലെയ്‌സൺ ഓഫീസർ ജി.എസ്.സി.പി.ഒ അജീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Spread the love
See also  സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു; പവന് കുറഞ്ഞത് 800 രൂപ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top