"> Skip to content
Sample Header Banner
October 29, 2026
⌕
Breaking

ഭൂരിപക്ഷം നഷ്ടപ്പെട്ട അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണം: എൽ.ഡി.എഫ്.

October 28, 2026
Share this post to
🌐 Select your Language: Current: മലയാളം

അളഗപ്പനഗർ: പഞ്ചായത്ത് കമ്മിറ്റിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രൻ അടിയന്തരമായി രാജിവെയ്ക്കണമെന്ന് എൽ.ഡി.എഫ്. ആവശ്യപ്പെട്ടു. തൊഴിലുറപ്പ് ഓവർസിയറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് മുന്നോട്ടുവെച്ച നിർദ്ദേശം ഭൂരിപക്ഷം അംഗങ്ങളും ചേർന്ന് തള്ളിയ സാഹചര്യത്തിലാണ് എൽ.ഡി.എഫ്. രാജി ആവശ്യപ്പെട്ടത്.

തൊഴിലുറപ്പ് ഓവർസിയർ തസ്തികയിലേക്ക് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ (JPC) സാന്നിധ്യമില്ലാതെ അനധികൃതമായി ഇന്റർവ്യൂ നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണസമിതി ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ്. ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നീക്കം അംഗീകരിക്കാനാകില്ലെന്നും, നിലവിലെ ഇന്റർവ്യൂ റദ്ദാക്കി വിദഗ്ദ്ധരെ ഉൾപ്പെടുത്തി പുതിയ ഇന്റർവ്യൂ നടത്തണമെന്നും എൽ.ഡി.എഫ്. അംഗങ്ങൾ കർശന നിലപാടെടുത്തു. തുടർന്ന് യു.ഡി.എഫ്. അംഗങ്ങളും ഈ നിലപാടിനെ പിന്തുണച്ചു.

ഇതോടെ ആകെയുള്ള 19 അംഗങ്ങളിൽ എൽ.ഡി.എഫിലെ ഏഴും യു.ഡി.എഫിലെ ഏഴും ഉൾപ്പെടെ 14 അംഗങ്ങൾ പ്രസിഡന്റിന്റെ നിർദ്ദേശത്തിനെതിരെ വോട്ട് ചെയ്തു. പ്രസിഡന്റിന് കേവലം 5 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷം എതിർത്തതോടെ വിവാദ ഇന്റർവ്യൂ റദ്ദാക്കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

എൽ.ഡി.എഫ്. അംഗങ്ങളായ വി.കെ. വിനീഷ്, വിജീഷ് കുമാർ, രാഗേഷ്, ഉഷാദേവി, സജ്ന ഷിബു, സാഹിത്യ, സുമ എന്നിവർ യോഗത്തിൽ ശക്തമായ എതിർപ്പറിയിച്ചു. ജനാധിപത്യപരമായി ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്ത പ്രസിഡന്റ് പദവിയിൽ തുടരാൻ അർഹതയില്ലെന്നും ഉടൻ രാജി സമർപ്പിക്കണമെന്നും എൽ.ഡി.എഫ്. നേതൃത്വം ആവശ്യപ്പെട്ടു

Get more updates from Pudukad News on Google