ഫാസ് പാഡിയുടെ എം. വിജയലക്ഷ്മി ടീച്ചർ അനുസ്മരണ ചിത്രരചന മത്സരം നവംബർ 14-ന്

- മത്സരങ്ങൾ കോടാലി എസ്.എൻ. വിദ്യാമന്ദിർ സ്കൂളിൽ
- വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും
കോടാലി: പ്രമുഖ സാംസ്കാരിക സംഘടനയായ ഫാസ് പാഡിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 27-ാമത് എം. വിജയലക്ഷ്മി ടീച്ചർ അനുസ്മരണ ചിത്രരചന മത്സരം നവംബർ 14 ശനിയാഴ്ച നടക്കും. കുട്ടികളിൽ ചിത്രകലാഭിരുചി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വർഷം തോറും നടത്തിവരുന്ന ഈ മത്സരം കോടാലി എസ്.എൻ. വിദ്യാമന്ദിർ സ്കൂളിൽ രാവിലെ 9.30-നാണ് ആരംഭിക്കുക.
അങ്കണവാടി, നഴ്സറി, എൽ.പി, യു.പി, ഹൈസ്കൂൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സര സമയം രണ്ട് മണിക്കൂറാണ്. വരയ്ക്കാനുള്ള കടലാസ് സംഘാടകർ നൽകും. കളറുകളും ബ്രഷുകളും മത്സരാർത്ഥികൾ കൊണ്ടുവരണം. ഓയിൽ പെയിന്റ്, പെൻസിൽ ഡ്രോയിങ് എന്നിവ അനുവദിക്കില്ല. ഏഴാം ക്ലാസ് വരെയുള്ള വിഭാഗങ്ങൾക്ക് പ്രത്യേക വിഷയ നിബന്ധനകളില്ല. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള വിഷയം മത്സരസമയത്ത് നൽകും. നഴ്സറി കുട്ടികൾക്ക് അച്ചടിച്ച ചിത്രത്തിൽ കളറിങ് മത്സരമാണ് നടത്തുക. രജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. മത്സരത്തിൽ പങ്കെടുക്കുന്ന മറ്റത്തൂർ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികൾ അവരവർ പഠിക്കുന്ന സ്കൂളുകളിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്.
ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കൂടാതെ ഒന്നാം സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും ലഭിക്കും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിനും ചിത്രങ്ങളുടെ ഗുണനിലവാരത്തിനുമായി കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ഫാസ് പാടി ഏർപ്പെടുത്തിയ പ്രത്യേക ട്രോഫി സമ്മാനിക്കും. വിവിധ ഗ്രൂപ്പുകളിൽ നിന്നുള്ള 100 ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് പ്രസിഡന്റ് കാസിം വി.കെ, ജനറൽ സെക്രട്ടറി ബാലകൃഷ്ണമേനോൻ ടി, ട്രഷറർ സുരേഷ് അരിക്കാട്ട് എന്നിവർ അറിയിച്ചു.





