പേരമംഗലം : മുൻ എം.എൽ.എ പി.എ മാധവനെ വാഹനം ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പേരമംഗലം പോലീസ് പിടികൂടി : കൂറ്റനാട് സ്വദേശി സെയ്‌തലവിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടൂരിൽ വെച്ചാണ് പി.എ മാധവൻ സഞ്ചരിച്ച വാഹനത്തിൽ പ്രതി ഓടിച്ച വാഹനമിടിച്ചത്.
അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റ പി.എ മാധവൻ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പോലീസ് ഊർജിതമായ അന്വേഷണമാണ് നടത്തിയത്.
അപകടം നടന്ന മുണ്ടൂർ മേഖലയിലെ വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് പ്രതിയെയും വാഹനത്തെയും പേരമംഗലം പോലീസ് തിരിച്ചറിഞ്ഞത്. ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.


