കേരളത്തില്‍ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കടുത്ത ചൂടും തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.വടക്കൻ കർണാടകയുടെയും മഹാരാഷ്ട്രയുടെയും മുകളിലായി നിലനിന്നിരുന്ന പ്രതിചക്രവാതം ദുർബലമാകുന്നതോടെ വരും ദിവസങ്ങളില്‍ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് താപനില ഇത്രത്തോളം ഉയരാൻ കാരണമായത്. ഇത് രാത്രികാലങ്ങളിലും അന്തരീക്ഷം ചൂടായി ഇരിക്കാനും ഇടിമിന്നല്‍ മേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്താനും കാരണമായി. തല്‍ഫലമായി വേനല്‍മഴ പലയിടങ്ങളിലും ലഭ്യമല്ലാതായി. എന്നാല്‍ ഈ പ്രതിഭാസം ദുർബലമാകുന്നതോടെ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനുള്ള സാധ്യത തെളിയുന്നുണ്ട്.ഏപ്രില്‍ അവസാന വാരത്തോടുകൂടി (ഏപ്രില്‍ 23 മുതല്‍ 29 വരെ) സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്നാണ് പ്രവചനം. പ്രത്യേകിച്ചും കേരളത്തിൻ്റെ വടക്കൻ മേഖലകളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മഴ എത്തുന്നതോടെ അന്തരീക്ഷം തണുക്കുമെന്നും താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നു.



