സംസ്ഥാനത്ത് കടുത്ത ചൂട് തുടരവേ വൈദ്യുതി ഉപഭോഗവും കൂടുന്നു. ഇന്നലെ പീക്ക് സമയത്ത് 5770 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ പ്രതിദിന ഉപഭോഗത്തില് നേരിയ കുറവ് വന്നു. വെള്ളിയാഴ്ച 116 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കില് ഇന്നലെ ഇത് 115 ദശലക്ഷം യൂണിറ്റായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പും ആശങ്കയായി തുടരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ കീഴിലുള്ള അണക്കെട്ടുകളില്‍ ജലവിതാനം 30 ശതമാനമാണ്. സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.


