യുവാവ് കുത്തേറ്റ് മരിച്ച സംഭവം;സുഹൃത്ത് അറസ്റ്റിൽ

യുവാവ് കുത്തേറ്റ് മരിച്ച സംഭവം;സുഹൃത്ത് അറസ്റ്റിൽ

മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് എടതിരുത്തിയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയും സുഹൃത്തുമായ പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു. അയ്യമ്പിള്ളി കൊട്ടാരത്തിൽ വീട്ടിൽ അനൂപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാളിക്കുട്ടി സാംസ്കാരിക നിലയത്തിന് സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷാണ് കൊല്ലപ്പെട്ടത്. തൃശൂർ എക്സൈസ് അക്കാദമിയിലെ താൽക്കാലിക പാചക തൊഴിലാളിയാണ് അനീഷ്. അനൂപ് കോൺക്രീറ്റ് തൊഴിലാളിയാണ്. ഞായർ രാത്രി എട്ടുമണിയോടെ അനീഷിന്റെ വീടിനുമുമ്പിലെ റോഡിലായിരുന്നു കൊലപാതകം. രാത്രി അനീഷും അനൂപും ഉൾപ്പെടെ അഞ്ചംഗ സംഘം അയ്യമ്പിടിയിലെ സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയശേഷം അനീഷും അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ അനൂപ് അനീഷിനെ കുത്തുകയായിരുന്നു. നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജേഷ്ഠൻ സന്തോഷും പരിസരവാസികളും എത്തി വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ അനീഷ് മരിച്ചു. അനൂപ് കൈപ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി ഒരു വധ ശ്രമക്കേസിലും മൂന്ന് അടിപിടി കേസിലും ലഹരിക്ക് അടിമപ്പെട്ട് പൊതുസ്ഥലത്ത് ജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയ ഒരു കേസിലും അടക്കം 5 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  ഷാൾ കഴുത്തിൽ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top