കാറ്ററിങ്ങ് ബിസിനസിന്റെ മറവിൽ ലഹരി വിൽപ്പന നടത്തിയ രണ്ട് പേരെ കൊടുങ്ങല്ലൂർ പോലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. എറിയാട് അബ്ദുള്ള റോഡ് സ്വദേശികളായ വലിയകത്ത് വീട്ടിൽ ഫൈസൽ (33), മുനക്കൽ വീട്ടിൽ കുഞ്ഞു തസ്‌ലീം (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ബുധനാഴ്ചരാത്രി എറിയാട് അബ്ദുള്ള റോഡിന് സമീപത്തുനിന്നാണ് കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 25,200 രൂപയും സഹിതം പ്രതികളെ പിടികൂടിയത്. പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തു. തുടർന്ന് ഫൈസലിന്റെ വീട്ടിലും പോലീസ് വിശദമായ പരിശോധന നടത്തി. കാറ്ററിങ്ങ് ജോലിയുടെ മറവിൽ കൊടുങ്ങല്ലൂർ നഗരത്തിലെ കടകളിലെ ജീവനക്കാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് ഫൈസലിന്റെ പതിവായിരുന്നു.



