PUDUKAD-NEWS-PUTHUKAD-NEWS

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് : യുവാവ് തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായി.

ഇരിങ്ങാലക്കുട: ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85-കാരനിൽ നിന്ന് നാല് കോടി പതിനൊന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘാംഗം തൃശ്ശൂർ റൂറൽ സൈബർ പോലീസിന്റെ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ലപ്ര വീട്ടിൽ റഷീക് രാജ (26) എന്നയാളെയാണ് പാണ്ടിക്കാട് നിന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 7,99,000/- രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിച്ചു വാങ്ങുകയും, പിന്നീട് ഈ തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമ്മീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 2025 സെപ്റ്റംബർ 9 മുതൽ 2026 ജനുവരി 1 വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
മണി ലോൺഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികൾ വാട്സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കണമെന്നും, പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. ‘ദേശീയ താല്പര്യം’ മുൻനിർത്തി കോടതി നിർദേശപ്രകാരമാണ് ഈ നടപടിയെന്നും, വിവരം മറ്റാരോടും പറയരുതെന്നും, വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പറഞ്ഞ് പരാതിക്കാരനെയും പരിചാരകനെയും പ്രതികൾ ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിക്കുകയം ചെയ്തു.
ഇത്തരത്തിൽ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ആകെ 4,11,65,206/- രൂപയാണ് (നാല് കോടി പതിനൊന്ന് ലക്ഷത്തി അറുപത്തിയഞ്ചായിരത്തി ഇരുനൂറ്റിയാറ് രൂപ) തട്ടിപ്പ് സംഘം കൈക്കലാക്കിയത്. സംഭവത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമ്മീഷൻ ഏജന്റായ പ്രതി പിടിയിലായത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ കെ റഫീഖ് ഡി വൈ എസ് പി ജില്ലാ ക്രൈം ബ്രാഞ്ച് തൃശ്ശൂർ റൂറൽ, സൈബർ പോലീസ് സ്റ്റേഷൻ എസ് ഐ മാരായ കെ വി ജസ്റ്റിൻ, പി എസ് സുജിത്ത്, സി പി ഒ മാരായ ടി പി ശ്രീനാഥ്, ശബരിനാഥ്, അനന്തുമോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്..

Spread the love
See also  ദേഹോപദ്രവം ചെയ്ത് പണം കവർച്ച ചെയ്ത കേസിലെ കാപ്പ പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top