കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്വകാര്യ ബസിലും ഇടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലെ യാത്രക്കാരും നന്നമുക്ക് സ്വദേശികളുമായ കുഞ്ഞത്ത് വീട്ടിൽ 19 വയസ്സുള്ള ശ്രീജീവ്, 65 വയസ്സുള്ള പത്മനാഭൻ എന്നിവർക്കും, ഓട്ടോറിക്ഷ ഡ്രൈവറായ ചാലിശ്ശേരി സ്വദേശി കുന്നത്തുവളപ്പിൽ വീട്ടിൽ 34 വയസ്സുള്ള ജിതിൻ എന്നിവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് പുലർച്ചെ ആറരയോടെയാണ് അപകടം സംഭവിച്ചത്. ഗുരുവായൂർ ഭാഗത്തുനിന്ന് വരികയായിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും, തുടർന്ന് മാലായ ജംഗ്ഷനിൽ യാത്രക്കാരെ കയറ്റുന്നതിനായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ്സിന് പുറകിലും ഇടിക്കുകയായിരുന്നു. ഗുരുവായൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീ അയ്യപ്പൻ’ എന്ന ബസ്സിലേക്കാണ് കാർ ഇടിച്ചു കയറിയത്. കാർ ഓടിച്ചു കൊണ്ടിരിക്കെ ബ്രേക്ക് ചവിട്ടുന്നതിന് പകരം അബദ്ധത്തിൽ ആക്സിലേറ്റർ ചവിട്ടിയതാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപെടാൻ കാരണമായതെന്ന് പറയുന്നു.
അപകടം നടന്നയുടൻ തന്നെ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ കുന്നംകുളം ദയ റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയും സ്വകാര്യ ബസ്സിന്റെ പിൻഭാഗവും ഭാഗികമായി തകരുകയും കാറിന്റെ മുൻവശം പൂർണ്ണമായും തകരുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയത്തേക്ക് ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.



