പാലക്കാട് : ചാലിശ്ശേരി എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് ചാവക്കാട് സ്വദേശിനിയായ മിസിരിയ എന്ന നഴ്‌സിന് വിഷപ്പാമ്പിന്റെ (അണലി) കടിയേറ്റത്.
കടിയേറ്റ് അവസ്ഥ ഗുരുതരമായതിനെ തുടർന്ന് മിസിരിയയെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധി രോഗികൾ എത്തുന്ന ചാലിശ്ശേരി ജനകീയ ആരോഗ്യ കേന്ദ്രത്തിനുള്ളിൽ വെച്ചാണ് ഈ സംഭവം
ആശുപത്രിയും പരിസരവും കൃത്യമായി ശുചീകരിക്കാത്തതും കാടുപിടിച്ചു കിടക്കുന്നതുമാണ് പാമ്പുകൾ താവളമാക്കാൻ കാരണമെന്ന് ആരോപിച്ച് പ്രദേശവാസികളും രോഗികളും കടുത്ത പ്രതിഷേധമുയർത്തി. ആശുപത്രി പരിസരം അടിയന്തരമായി ശുചീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.



