വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഏറ്റുവാങ്ങി സി.ജി. ധനേഷ്

ഇരിങ്ങാലക്കുട : കേരള മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ സി.ജി. ധനേഷ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിൽ നിന്നും തിരുവനന്തപുരം വച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.
തൃശൂർ ജില്ലയിലെ മാപ്രാണത്ത് ഗോപി – ശോഭന ദമ്പതികളുടെ മകനായി ജനിച്ച ധനേഷ് കരുവന്നൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ, മാപ്രാണം ഹോളിക്രോസ് സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ്, തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്ന് ഗൾഫിൽ പ്രവാസജീവിതം നയിച്ച ശേഷമാണ് കേരള പൊലീസ് സേനയിൽ എത്തിയത്.
പാലക്കാട് മുട്ടിക്കുളങ്ങരയിലെ കേരള ആംഡ് പൊലീസ് രണ്ടാം ബറ്റാലിയനിൽ പരിശീലനത്തോടെയും സേവനത്തോടെയും ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചു. തുടർന്ന് തൃശൂർ എ.ആർ. ക്യാമ്പ്, ചേർപ്പ്, കാട്ടൂർ, വലപ്പാട്, വരന്തരപ്പിള്ളി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും സേവനമനുഷ്ഠിച്ചു.
21 വർഷത്തെ പൊലീസ് സേവനത്തിനിടെ കുറ്റാന്വേഷണം, ക്രമസമാധാനപാലനം, സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തൽ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു.
ഔദ്യോഗിക സേവനത്തോടൊപ്പം കായികരംഗത്തും മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം വിവിധ പൊലീസ് കായികമേളകളിൽ മെഡലുകളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
സേവനമികവിനും അർപ്പണബോധത്തിനുമുള്ള അംഗീകാരമായാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ ലഭിച്ചത്.
നിലവിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി (എഎസ്ഐ) കേരള പൊലീസ് സേനയിൽ സേവനം തുടരുകയാണ്.
ഭാര്യ റിനിജ ലേബർ ഡിപ്പാർട്ട്മെന്റിൽ ക്ലാർക്കായി ജോലി ചെയ്യുന്നു. അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ എന്നിവരാണ് മക്കൾ.
സേവനപാതയിലെ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് 21 വർഷത്തെ പൊലീസ് ജീവിതത്തിനിടെ ലഭിച്ച ഈ അംഗീകാരം കുടുംബത്തിനും ജന്മനാടായ മാപ്രാണത്തിനും സഹപ്രവർത്തകർക്കും ഒരുപോലെ അഭിമാനമായി.





