കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യാശ്രമം- യുവതിയെ രക്ഷപ്പെടുത്തി
ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യാശ്രമം. പുഴയിൽ ചാടിയ തേലപ്പിള്ളി സ്വദേശിയായ യുവതിയെ തൽസമയം തന്നെ രക്ഷപ്പെടുത്തി സമീപത്ത് ജോലി ചെയ്തിരുന്ന നെറ്റ്‌വർക്ക് തൊഴിലാളികളായ ബൈജുവും സുരേഷും. ഇരുവരും പാലക്കാട് സ്വദേശികളാണ്.
ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം.
യുവതി കരുവന്നൂർ പുഴയ്ക്ക് കുറുകെയുള്ള പഴയ പാലത്തിലൂടെ നടന്നുപോകുന്നത് ബൈജുവും സുരേഷും ശ്രദ്ധിച്ചിരുന്നു. അല്പസമയം കഴിഞ്ഞ് യുവതിയെ കാണാതെയായതോടെയാണ് ഇരുവരും സംശയം തോന്നി പുഴയിലേക്ക് വന്നുനോക്കിയത്. പുഴയിലേക്ക് ചാടിയ യുവതി മുങ്ങിത്താഴുന്നത് കണ്ട ഉടൻതന്നെ ജോലി ആവശ്യത്തിനായി കൊണ്ടുവന്നിരുന്ന കയർ ഇരുവരും യുവതിക്ക് ഇട്ടുകൊടുത്തു. ഒപ്പം തന്നെ നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. കയറിൽ പിടിച്ചുനിന്ന യുവതിയെ നാട്ടുകാരിൽ ഒരാൾ കരയ്ക്കു കയറ്റുകയും ചെയ്തു.
യുവതി ഇപ്പോൾ തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.



