loader image
റീ-റിലീസിൽ ‘റൺ ബേബി റൺ’ പതറി; ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി

റീ-റിലീസിൽ ‘റൺ ബേബി റൺ’ പതറി; ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി

റീ-റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും കുറഞ്ഞ കളക്ഷൻ നേടി ജോഷി ചിത്രം ‘റൺ ബേബി റൺ’ ബോക്സ് ഓഫീസിൽ നിരാശപ്പെടുത്തുന്നു. സ്ഫടികം, ദേവദൂതൻ, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച സ്ഥാനത്താണ് റൺ ബേബി റണ്ണിന് ഇത്തരമൊരു മങ്ങിയ വരവേൽപ്പ് ലഭിക്കുന്നത്. ആദ്യദിന കണക്കുകൾ പ്രകാരം വെറും 3.38 ലക്ഷം രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. പ്രീ-സെയിലിൽ 3.06 ലക്ഷം രൂപ നേടിയ ചിത്രം, മലയാളം റീ-റിലീസുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന മോശം റെക്കോർഡും സ്വന്തമാക്കി. ഈ പട്ടികയിൽ 67,150 രൂപയുമായി ദുൽഖർ സൽമാന്റെ ‘ഉസ്താദ് ഹോട്ടലാണ്’ നിലവിൽ ഒന്നാമതുള്ളത്.

Also Read: തമിഴ്‌നാട്ടിൽ 50 കോടി തികയ്ക്കാൻ ‘പരാശക്തി’; ആഗോള ബോക്സ് ഓഫീസിൽ ശിവകാർത്തികേയന്റെ കരുത്ത്!

റൺ ബേബി റണ്ണിന്റെ പരാജയം മമ്മൂട്ടി ആരാധകർക്ക് ആശ്വാസമായിരിക്കുകയാണ്. നേരത്തെ റീ-റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘പാലേരി മാണിക്യം’ ഒരു ലക്ഷത്തിൽ താഴെ കളക്ഷൻ നേടിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ലാൽ ചിത്രം അതിനേക്കാൾ വലിയ തകർച്ച നേരിട്ടതോടെ സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച ചർച്ചകൾ കൊഴുക്കുകയാണ്. 2012-ൽ പുറത്തിറങ്ങി 100 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ വിജയമായ റൺ ബേബി റൺ, സച്ചി തനിച്ച് തിരക്കഥയെഴുതിയ ആദ്യ സിനിമ എന്ന നിലയിൽ ശ്രദ്ധേയമായിരുന്നു. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും റീ-റിലീസിൽ പ്രേക്ഷകരെ ആകർഷിക്കാൻ ചിത്രത്തിന് സാധിച്ചില്ല.

See also  സ്നാപ്‌ചാറ്റിൽ ഇനി കുട്ടികൾക്ക് രക്ഷിതാക്കളുടെ ‘കണ്ണുണ്ടാകും’; പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു

റൺ ബേബി റണ്ണിന് പകരം മറ്റ് മികച്ച സിനിമകൾ റീ-റിലീസ് ചെയ്യാമായിരുന്നു എന്ന അഭിപ്രായമാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ മോഹൻലാൽ ചിത്രം ‘രാവണപ്രഭു’ ആഗോളതലത്തിൽ 4 കോടിയിലധികം കളക്ഷൻ നേടി വൻ വിജയമായിരുന്നു. മോഹൻലാൽ റീ-റിലീസുകളിൽ ഏറ്റവും ഉയർന്ന അഞ്ചാമത്തെ കളക്ഷനാണിത്. മിക്ക ലാൽ ചിത്രങ്ങളും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമ്പോൾ, റൺ ബേബി റണ്ണിന്റെ കാര്യത്തിൽ എവിടെയാണ് പിഴച്ചതെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചോദ്യം. എന്തിനാണ് ഈ സിനിമ റീ-റിലീസ് ചെയ്തതെന്ന വിമർശനവും ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.

അതേസമയം, വരും ദിവസങ്ങളിൽ ഒരുപിടി മികച്ച മോഹൻലാൽ ചിത്രങ്ങൾ കൂടി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഗുരു, ഉദയനാണ് താരം, നരൻ, തേന്മാവിൻ കൊമ്പത്ത്, കാലാപാനി, ആറാം തമ്പുരാൻ, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ, കാക്കക്കുയിൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ വീണ്ടും വലിയ സ്ക്രീനിൽ കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഈ ചിത്രങ്ങൾ റൺ ബേബി റണ്ണിന് ഏറ്റ തിരിച്ചടിക്ക് പരിഹാരമായി മാറുമെന്നും പഴയ ബോക്സ് ഓഫീസ് പ്രതാപം മോഹൻലാൽ തിരിച്ചപിടിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും ആരാധകരും.

See also  എല്ലാ പഞ്ചായത്തിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; ‘ഒപ്പം’ മെഡിക്കൽ ക്യാമ്പുമായി മന്ത്രി പി. രാജീവ്

The post റീ-റിലീസിൽ ‘റൺ ബേബി റൺ’ പതറി; ബോക്സ് ഓഫീസിൽ മോഹൻലാൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി appeared first on Express Kerala.

Spread the love

New Report

Close