
ഇന്ത്യ-ന്യൂസിലാൻഡ് ഏകദിന പരമ്പര 2-1ന് കിവികൾ സ്വന്തമാക്കിയെങ്കിലും, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി മാറുകയാണ് യുവതാരം ഹർഷിത് റാണയുടെ പ്രകടനം. ഇൻഡോറിൽ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 41 റൺസിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ റാണ വരുംകാലങ്ങളിൽ ഇന്ത്യൻ ടീമിന്റെ വിശ്വസ്തനായ ഓൾറൗണ്ടറാകുമെന്ന് തെളിയിച്ചു കഴിഞ്ഞു.
വിരാട് കോഹ്‌ലി 124 റൺസുമായി പൊരുതി നോക്കിയ മത്സരത്തിൽ ഏഴാം വിക്കറ്റിൽ റാണ നൽകിയ പിന്തുണയാണ് ഇന്ത്യയെ വിജയത്തിനടുത്തെത്തിച്ചത്. കോഹ്‌ലിയെ സാക്ഷിയാക്കി കിവി ബൗളർമാരെ കടന്നാക്രമിച്ച റാണ 43 പന്തിൽ നിന്ന് 52 റൺസാണ് അടിച്ചുകൂട്ടിയത്. നാല് ഫോറുകളും നാല് പടുകൂറ്റൻ സിക്സറുകളും ആ ഇന്നിങ്സിന് കരുത്തേകി. ഇരുവരും ചേർന്ന് പടുത്തുയർത്തിയ 99 റൺസിന്റെ കൂട്ടുകെട്ട് ഒരു ഘട്ടത്തിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയിരുന്നു. നിതീഷ് കുമാർ റെഡ്ഡിയും (53) ബാറ്റിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
Also Read: ഇൻഡോറിൽ വിറച്ച് ഇന്ത്യ; കോഹ്‌ലി പൊരുതിയിട്ടും രക്ഷയില്ല, സ്വന്തം മണ്ണിൽ നാണംകെട്ട തോൽവി
ഇന്ത്യൻ ടീമിലെ തന്റെ സാന്നിധ്യത്തെച്ചൊല്ലി നിരന്തരം പരിഹാസങ്ങളും ട്രോളുകളും നേരിട്ടിരുന്ന താരമാണ് ഹർഷിത് റാണ. കോച്ച് ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനായതുകൊണ്ടാണ് ടീമിൽ ഇടം ലഭിക്കുന്നതെന്ന തരത്തിലുള്ള സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിരുന്നു. എന്നാൽ ബൗളിംഗിന് പുറമെ ബാറ്റിംഗിലും താൻ അപകടകാരിയാണെന്ന് തെളിയിച്ച റാണ, പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമായി മാറി. ഹർഭജൻ സിംഗിന് ശേഷം വാലറ്റത്ത് വിശ്വസിക്കാവുന്ന ഒരു കൂറ്റൻ അടിക്കാരൻ ഇല്ലെന്ന ഇന്ത്യയുടെ കുറവ് നികത്താൻ തനിക്ക് സാധിക്കുമെന്ന് റാണ അടിവരയിടുന്നു. ബൗളിംഗിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി നേരത്തെ തന്നെ റാണ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.
The post വിമർശകരുടെ വായടപ്പിച്ചു; ഇന്ത്യ തോറ്റെങ്കിലും ഇൻഡോറിൽ ഹർഷിത് റാണ എന്ന ‘പുതിയ ഫിനിഷർ’ ഉദിച്ചു! appeared first on Express Kerala.



