
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അതീവ ഗൗരവകരമായ നിരീക്ഷണങ്ങളുമായി ഹൈക്കോടതി സിംഗിൾ ബെഞ്ച്. ശബരിമലയിൽ നടന്നത് വെറുമൊരു മോഷണമല്ല, മറിച്ച് അയ്യപ്പന്റെ സ്വത്ത് പ്രതികൾ കൂട്ടം ചേർന്ന് നടത്തിയ കവർച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ രേഖകളിൽ നിന്ന് ഈ കൂട്ടക്കവർച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും, കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് എ. ബദറുദീൻ ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എംഎൽഎയുമായ എ. പത്മകുമാറിനെതിരെയും കോടതി കടുത്ത പരാമർശങ്ങൾ നടത്തി. പത്മകുമാർ വലിയ സ്വാധീനമുള്ള വ്യക്തിയാണെന്നും പുറത്തിറങ്ങിയാൽ അന്വേഷണത്തെ അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കർ ദാസിനെതിരെയും വിമർശനമുയർന്നു. ആദ്യഘട്ടത്തിൽ സഹകരിച്ചിരുന്ന ശങ്കർ ദാസിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായത് അറസ്റ്റ് ഒഴിവാക്കാനാണെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ മകൻ ഡിഐജി ആണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 5 മുതൽ 19 വരെ അന്വേഷണത്തിൽ വലിയ വീഴ്ചയുണ്ടായെന്നും അറസ്റ്റ് മനഃപൂർവം വൈകിപ്പിച്ചുവെന്നും കോടതി ആവർത്തിച്ചു.
Also Read: വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിച്ചിൽ! ജെസിബി ഡ്രൈവർ മരിച്ചു
അതേസമയം, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ഇപ്പോൾ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും, കട്ടിളപ്പാളി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ അദ്ദേഹം ജയിലിൽ തന്നെ തുടരുകയാണ്.
The post ശബരിമലയിൽ നടന്നത് കൂട്ടക്കവർച്ച; അയ്യപ്പന്റെ സ്വത്ത് പ്രതികൾ കൊള്ളയടിച്ചെന്ന് ഹൈക്കോടതി appeared first on Express Kerala.



