
ആഗോള സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സ് തങ്ങളുടെ മൊബൈൽ ആപ്പിൽ വൻ പരിഷ്കാരങ്ങൾക്കൊരുങ്ങുന്നു. ഇൻസ്റ്റാഗ്രാം റീൽസിനും ടിക് ടോക്കിനും സമാനമായ രീതിയിൽ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് കാണാവുന്ന ‘വെർട്ടിക്കൽ വീഡിയോ ഫീഡ്’ ആണ് പുതിയ പതിപ്പിലെ പ്രധാന ആകർഷണം. 2026 അവസാനത്തോടെ ഈ മാറ്റം നിലവിൽ വരും. സിനിമകളുടെയും സീരീസുകളുടെയും ചെറിയ ക്ലിപ്പുകൾ വെർട്ടിക്കൽ ഫീഡിലൂടെ കാണുന്നതിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട ഉള്ളടക്കം വേഗത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
വെറുമൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നതിലുപരി ഒരു സോഷ്യൽ മീഡിയ അനുഭവം കൂടി നൽകാനാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വീഡിയോ പോഡ്‌കാസ്റ്റ് രംഗത്തേക്കും കമ്പനി ചുവടുവെച്ചു കഴിഞ്ഞു. മൈക്കൽ ഇർവിൻ, പീറ്റ് ഡേവിഡ്‌സൺ തുടങ്ങിയ പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി സ്പോട്ടിഫൈ, ഐഹാർട്ട് മീഡിയ എന്നിവയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. കേവലം സ്ട്രീമിംഗ് കമ്പനികളോടല്ല, മറിച്ച് വിനോദ മേഖലയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളോടുമാണ് തങ്ങളുടെ മത്സരമെന്ന് നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സാരണ്ടോസ് വ്യക്തമാക്കി.
Also Read: ചന്ദ്രന്റെ മണ്ണിൽ ഒരു രാത്രി ഉറങ്ങാം! ഹോട്ടൽ വാടകയ്ക്ക്; അഡ്വാൻസ് വെറും 8 കോടി മാത്രം
സാമ്പത്തിക രംഗത്തും വമ്പൻ നീക്കങ്ങളാണ് നെറ്റ്ഫ്ലിക്സ് നടത്തുന്നത്. പ്രശസ്ത സ്റ്റുഡിയോ ആയ വാർണർ ബ്രദേഴ്സിനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ ഇതിനോടകം ആരംഭിച്ചു. 2025-ൽ മാത്രം ഏകദേശം 3.7 ലക്ഷം കോടി രൂപ വരുമാനം നേടിയ കമ്പനിക്ക് നിലവിൽ 32.5 കോടി വരിക്കാരുണ്ട്. ആളുകളെ കൂടുതൽ സമയം ആപ്പിൽ പിടിച്ചിരുത്തുന്നതിനായി നൂതനമായ സാങ്കേതിക വിദ്യകളും ബിസിനസ് തന്ത്രങ്ങളും ഒരേപോലെ പയറ്റുകയാണ് നെറ്റ്ഫ്ലിക്സ്.
The post നെറ്റ്ഫ്ലിക്സ് ഇനി റീൽസ് ശൈലിയിലേക്ക്; വിപ്ലവകരമായ മാറ്റങ്ങളുമായി പുത്തൻ പതിപ്പ് വരുന്നു appeared first on Express Kerala.



