
കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, അറസ്റ്റിലായ ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ ഷിംജിതയെ പൊലീസ് പിടികൂടിയത്.
സംഭവം നടന്ന ബസിലെ ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ വേഗത്തിൽ രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും ഇത് ശരിവെക്കുന്ന തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദീപക്കിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകൾ എഡിറ്റ് ചെയ്തതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഇന്ന് കുന്നമംഗലം കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഷിംജിതയുടെ നീക്കം.
കഴിഞ്ഞ വെളളിയാഴ്ച പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ദീപക് ലൈംഗീക ഉദ്ധേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ദീപക്കിന്റെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും 23 ലക്ഷത്തോളം പേർ അത് കാണുകയും ചെയ്തു. അപവാദം പ്രചരിച്ചതിലുള്ള മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മകൻ പറഞ്ഞതായി ദീപക്കിന്റെ അമ്മ കന്യക മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.
The post ദീപക്കിന്റെ മരണം; ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്, മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് appeared first on Express Kerala.




