
സ്വർണക്കവർച്ചാ കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ഉയർന്ന ആരോപണങ്ങളിൽ പുതിയ വിശദീകരണവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയുടെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് കടകംപള്ളി നിലപാട് വ്യക്തമാക്കിയത്.
താൻ പോറ്റിയുടെ വീട്ടിൽ പോയത് ഒരു കുട്ടിയുടെ ചടങ്ങിനല്ല, മറിച്ച് പോറ്റിയുടെ പിതാവുമായി ബന്ധപ്പെട്ട ചടങ്ങിനാണെന്ന് കടകംപള്ളി തിരുത്തി. എട്ടു വർഷം മുൻപ് നടന്ന കാര്യമായതിനാൽ കൃത്യമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ലെന്നും, അയ്യപ്പ ഭഗവാന്റെ ഭക്തനായ ഒരു വ്യക്തി എന്ന നിലയിൽ മാത്രമേ അന്ന് പോറ്റിയെ കണ്ടിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 2025-ൽ മാധ്യമങ്ങളിലൂടെ വാർത്ത വരുന്നത് വരെ പോറ്റിയുടെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു. പുറത്തുവന്ന ചിത്രത്തിൽ കാണുന്ന ഉപഹാരം താൻ വാങ്ങി നൽകിയതല്ലെന്നും അവിടെ ഉണ്ടായിരുന്ന സമ്മാനം നൽകുക മാത്രമാണ് ചെയ്തതെന്നും കടകംപള്ളി വിശദീകരിച്ചു.
സോണിയാ ഗാന്ധിയുമായുള്ള പോറ്റിയുടെ ബന്ധത്തെക്കുറിച്ചുള്ള തന്റെ മുൻ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. കളങ്കിതനായ ഒരാളെ സോണിയാ ഗാന്ധി വീട്ടിൽ കയറ്റില്ലെന്നാണ് താൻ പറഞ്ഞത്. താൻ പോറ്റിക്കൊപ്പം നിൽക്കുന്ന ചിത്രം പ്രതിപക്ഷം ഉയർത്തുമ്പോൾ, പോറ്റി കോൺഗ്രസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും സ്വാഭാവികമായും പുറത്തുവരുമെന്നാണ് താൻ അർത്ഥമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോറ്റിയുമായി തനിക്ക് അവിശുദ്ധമായ യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ ആവർത്തിച്ചു.
The post അന്ന് കണ്ടത് അയ്യപ്പ ഭഗവാന്റെ ഭക്തനെ; എട്ടു വർഷം മുൻപത്തെ ആ ചിത്രം പുറത്തായപ്പോൾ കടകംപള്ളിക്ക് പറയാനുള്ളത് appeared first on Express Kerala.



