
രാജ്യാന്തര ക്രിക്കറ്റിലെ മോശം ഫോം രഞ്ജി ട്രോഫിയിലും രവീന്ദ്ര ജഡേജയെ പിന്തുടരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ, സൗരാഷ്ട്രയ്ക്ക് വേണ്ടി പാഡണിഞ്ഞ ജഡേജ പഞ്ചാബിനെതിരെ വെറും ഏഴ് റൺസിന് പുറത്തായി. ജഡേജ ഉൾപ്പെടെയുള്ള പ്രമുഖർ പരാജയപ്പെട്ടതോടെ പഞ്ചാബിനെതിരായ മത്സരത്തിൽ സൗരാഷ്ട്ര ബാറ്റിംഗ് തകർച്ച നേരിടുകയാണ്.
രാജ്‌കോട്ടിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൗരാഷ്ട്രയ്ക്ക് തുടക്കം മുതലേ പിഴച്ചു. സ്കോർ ബോർഡിൽ 66 റൺസ് എത്തുമ്പോഴേക്കും അവർക്ക് നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ചിരാഗ് ജനി (8), ഹർവിക് ദേശായി (13), അർപിത് വാസവദ (2) എന്നിവർക്ക് പിന്നാലെ ജഡേജയും മടങ്ങിയതോടെ സൗരാഷ്ട്ര പ്രതിരോധത്തിലായി. ജസിന്ദർ സിംഗിന്റെ പന്തിലാണ് ജഡേജ വിക്കറ്റ് വഴങ്ങിയത്. 74 റൺസെടുത്ത ജയ് ഗോഹിലിന്റെ പോരാട്ടമാണ് സൗരാഷ്ട്രയെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എന്ന നിലയിലാണ് ആതിഥേയർ. പഞ്ചാബിനായി ഹർപ്രീത് ബ്രാർ, ജസിന്ദർ സിംഗ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Also Read: റസലും മാക്‌സ്‌വെല്ലും വഴിമാറൂ, പുതിയ രാജാവെത്തി! റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ
ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. ഏകദിന പരമ്പരയിലെ ശരാശരി പ്രകടനത്തിന് ശേഷം ഫോമിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന ഗില്ലിന്റെ ബാറ്റിംഗിനായി കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം, ബാറ്റിംഗിലും ബൗളിംഗിലും ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ജഡേജയ്‌ക്കെതിരെ വിമർശനം ശക്തമാകുകയാണ്. രഞ്ജിയിലൂടെ ഒരു ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട ജഡേജയ്ക്ക് ബാറ്റിംഗിൽ ലഭിച്ച ഈ തിരിച്ചടി വലിയ നിരാശയാണ് സമ്മാനിക്കുന്നത്.
The post ഗില്ലിന്റെ ചാണക്യതന്ത്രം, ജഡേജ വീണു! ഏകദിനത്തിന് പിന്നാലെ രഞ്ജിയിലും ദുരന്തം; ജഡേജയ്ക്ക് ഇത് എന്തുപറ്റി? appeared first on Express Kerala.



