
കുന്നംകുളം: അഞ്ചുദിവസം മാത്രം പ്രായമായ നവജാതശിശുവിന്റെ വിരൽ പ്ലാസ്റ്റർ മാറ്റുന്നതിനിടെ മുറിഞ്ഞുപോയതായി പരാതി. തൃശ്ശൂർ കുന്നംകുളം മലങ്കര മിഷൻ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന ചികിത്സാപ്പിഴവ് സംഭവിച്ചത്. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്പതികളുടെ അഞ്ചുദിവസം മാത്രം പ്രായമായ പെൺകുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലാണ് അറ്റുപോയത്.
ജനുവരി 16-നായിരുന്നു കുഞ്ഞിന്റെ ജനനം. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ആന്റിബയോട്ടിക് ഇൻജക്ഷൻ നൽകാനായി എൻഐസിയുവിലേക്ക് കൊണ്ടുപോയ കുഞ്ഞിനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഇൻജക്ഷൻ നൽകുന്നതിനിടെ ബ്ലേഡ് കൊണ്ട് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം നഴ്സുമാർ ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞിന്റെ കൈ പ്ലാസ്റ്റർ ചെയ്തിരുന്നു. അത് അഴിച്ചുകാണിക്കാൻ പറഞ്ഞപ്പോഴാണ് കുഞ്ഞിന്റെ വലതുകൈയിലെ തള്ളവിരലിന്റെ പകുതിഭാഗം മുറിഞ്ഞുപോയതായി കണ്ടത്.
Also Read: കാരയ്ക്കൽ എക്സ്പ്രസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; എറണാകുളത്ത് ട്രെയിൻ സർവീസുകൾ വൈകി
അപകടം നടന്ന ശേഷം മണിക്കൂറുകളോളം കുഞ്ഞിന് ചികിത്സ നൽകാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള രേഖാമൂലമുള്ള സാക്ഷ്യപത്രം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്ലാസ്റ്റിക് സർജറി വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നൽകാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
The post പ്ലാസ്റ്റർ വെട്ടിയപ്പോൾ അറ്റത് കുഞ്ഞിന്റെ വിരൽ; കുന്നംകുളത്ത് നവജാതശിശുവിന് ചികിത്സാപ്പിഴവ് appeared first on Express Kerala.



