
ബംഗാൾ ഉൾക്കടലിനു മുകളിൽ കിഴക്കൻ കാറ്റ് രൂപപ്പെട്ടതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റന്നാൾ മുതൽ അന്തരീക്ഷ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നും തിങ്കളാഴ്ചയോടെ എല്ലാ ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഇടിമിന്നൽ മനുഷ്യജീവനും ഗൃഹോപകരണങ്ങൾക്കും നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഉടൻ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ജനലും വാതിലും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മഴക്കാറുള്ള സമയത്ത് ടെറസിലോ മുറ്റത്തോ നിൽക്കുന്നതും തുണി എടുക്കാൻ പോകുന്നതും അപകടകരമാണ്. വാഹനങ്ങൾക്കുള്ളിൽ ഇരിക്കുന്നവർ കൈകാലുകൾ പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കണം.
Also Read; പോലീസ് സ്റ്റേഷനുകൾ ഇനി ജനകീയ മുഖമുള്ള കേന്ദ്രങ്ങൾ; 13 പുതിയ മന്ദിരങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ജലാശയങ്ങളിൽ മീൻപിടിക്കുന്നതും കുളിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം. അന്തരീക്ഷം മേഘാവൃതമാകുമ്പോൾ തന്നെ മത്സ്യബന്ധന ബോട്ടുകൾ കരയിലേക്ക് അടുപ്പിക്കേണ്ടതാണ്. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുതെന്നും ഇടിമിന്നലുള്ളപ്പോൾ അവയെ മാറ്റിക്കെട്ടാൻ ശ്രമിക്കരുതെന്നും നിർദ്ദേശമുണ്ട്. മിന്നലിൽ നിന്നുള്ള സുരക്ഷയ്ക്കായി കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകങ്ങളും വൈദ്യുതോപകരണങ്ങൾക്കായി സർജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് ഉചിതമായിരിക്കും.
The post കേരളത്തിൽ വീണ്ടും മഴയെത്തുന്നു; തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.



