
അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്ത്യ. ബുലവായോയിൽ നടന്ന മത്സരത്തിൽ മഴയെത്തുടർന്ന് കളി 37 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിനെ ഇന്ത്യൻ ബൗളർമാർ 36.2 ഓവറിൽ 135 റൺസിന് കൂടാരം കയറ്റി. നാല് വിക്കറ്റ് വീഴ്ത്തിയ ആംബ്രിഷും മൂന്ന് വിക്കറ്റ് നേടിയ ഹെനിൽ പട്ടേലുമാണ് കിവി നിരയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനമാണ് ആരാധകർ കണ്ടത്. വെറും 13.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. തുടക്കത്തിൽ മലയാളി താരം ആരോൺ ജോർജിനെ (7) നഷ്ടമായെങ്കിലും വൈഭവ് സൂര്യവൻഷിയും (40) ആയുഷ് മാത്രെയും (53) ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനെ ടോപ്പ് ഗിയറിലാക്കി. ആറ് സിക്സറുകൾ പറത്തിയ മാത്രെയും മൂന്ന് സിക്സറുകൾ നേടിയ സൂര്യവൻഷിയും ചേർന്ന് ഒൻപതാം ഓവറിൽ തന്നെ സ്കോർ 80 കടത്തിയിരുന്നു.
Also Read: ടൂർണമെന്റിന് 15 ദിവസം മാത്രം ബാക്കി: ഐസിസി ബംഗ്ലാദേശിനെ ഒഴിവാക്കിയത് എന്തുകൊണ്ട്?
ഇരുവരും പുറത്തായതിന് ശേഷം വിഹാൻ മൽഹോത്രയും വേദാന്ത് ത്രിവേദിയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ന്യൂസിലൻഡ് നിരയിൽ കല്ലം സാംസണും (37) സെൽവിൻ സഞ്ജയിയും (28) മാത്രമാണ് ഇന്ത്യൻ ബൗളിംഗിനെതിരെ അൽപ്പമെങ്കിലും ചെറുത്തുനിന്നത്. നേരത്തെ തന്നെ സൂപ്പർ സിക്സിലേക്ക് യോഗ്യത നേടിയ ഇരു ടീമുകളുടെയും ഈ പോരാട്ടത്തിൽ ഇന്ത്യയുടെ സമ്പൂർണ്ണ ആധിപത്യമാണ് പ്രകടമായത്.
The post കിവികളെ തകർത്തെറിഞ്ഞ് കുട്ടിപ്പട; അണ്ടർ 19 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം appeared first on Express Kerala.



