
ന്യൂഡൽഹി: ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തുന്നു എന്നാരോപിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ഇന്ത്യ.*ജനുവരി 23 നടന്ന കൗൺസിലിന്റെ 39-ാമത് പ്രത്യേക സമ്മേളനത്തിലാണ് പാശ്ചാത്യ പിന്തുണയുള്ള ഈ നീക്കത്തിനെതിരെ ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്. ചൈന, പാകിസ്ഥാൻ എന്നിവയുൾപ്പെടെയുള്ള മറ്റ് ആറ് രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ നിലകൊണ്ടത്. 47 അംഗ കൗൺസിലിൽ 25 വോട്ടുകൾക്ക് പ്രമേയം പാസായപ്പോൾ, ഏഴ് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഡിസംബർ 28-ന് ആരംഭിച്ച പ്രതിഷേധങ്ങളിൽ സമാധാനപരമായി പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും, കുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതായും പ്രമേയം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കുന്ന വസ്തുതാന്വേഷണ ദൗത്യത്തിന്റെ കാലാവധി രണ്ട് വർഷത്തേക്കും, പ്രത്യേക റിപ്പോർട്ടറുടെ ചുമതല ഒരു വർഷത്തേക്കും നീട്ടാൻ കൗൺസിൽ തീരുമാനിച്ചു. നിയമവിരുദ്ധ കൊലപാതകങ്ങൾ, നിർബന്ധിത തിരോധാനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ അടിയന്തര അന്വേഷണം വേണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളിൽ കുട്ടികൾ ഉൾപ്പെടെ വൻതോതിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് കൗൺസിലിനെ അറിയിച്ചു.
ഇതാദ്യമായാണ് ഇറാനുമായി ബന്ധപ്പെട്ട ഇത്തരമൊരു അന്വേഷണ പ്രമേയത്തെ ഇന്ത്യ നേരിട്ട് എതിർക്കുന്നത്. 2022-ലും 2024-ലും സമാനമായ സാഹചര്യങ്ങളിൽ ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു പ്രത്യേക രാജ്യത്തെ മാത്രം ലക്ഷ്യം വച്ചുള്ള പ്രമേയങ്ങളോടും അന്വേഷണങ്ങളോടുമുള്ള ഇന്ത്യയുടെ നയപരമായ വിയോജിപ്പാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. കൂടാതെ, ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തന്ത്രപരമായ താല്പര്യങ്ങളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. 2025 സെപ്റ്റംബറിൽ അമേരിക്ക ചബഹാറിനുള്ള ഉപരോധ ഇളവുകൾ പിൻവലിച്ചിരുന്നുവെങ്കിലും, ഇന്ത്യയ്ക്ക് ഏപ്രിൽ 26 വരെ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്.
അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സമ്മർദ്ദങ്ങൾക്കിടയിലും ഇന്ത്യ സ്വീകരിച്ച ഈ നിലപാടിനെ ഇറാൻ സ്വാഗതം ചെയ്തു. ഇന്ത്യയുടെ നിലപാട് നീതിയുടെയും ദേശീയ പരമാധികാരത്തിന്റെയും വിജയമാണെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പ്രതികരിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ, ഇന്ത്യയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. പരസ്പരം ശത്രുത പുലർത്തുന്ന ഇന്ത്യയും പാക്കിസ്ഥാനും ചൈനയും ഒരു പോലെ ഒരേ വേദിയിൽ ഇറാന് അനുകുലമായി നിലകൊണ്ടത് അപൂർവ്വ കാഴ്ചയാണ്.
The post അമേരിക്കയെ ഞെട്ടിച്ച് ചൈനക്ക് ഒപ്പം ചേർന്ന് ഇറാന് അനുകൂല നിലപാടെടുത്ത് ഇന്ത്യ appeared first on Express Kerala.



