loader image
നേതാക്കൾക്ക് തിരുത്തുമായി പാലോളി മുഹമ്മദ് കുട്ടി; മുസ്‌ലിം ലീഗിനും വിമർശനം

നേതാക്കൾക്ക് തിരുത്തുമായി പാലോളി മുഹമ്മദ് കുട്ടി; മുസ്‌ലിം ലീഗിനും വിമർശനം

സിപിഐഎം നേതാക്കളായ എ.കെ ബാലന്റെയും സജി ചെറിയാന്റെയും വിവാദ പ്രസ്താവനകളെ തള്ളി മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി രംഗത്തെത്തി. ഇരുവരുടെയും നിലപാടുകൾ തെറ്റാണെന്നും പാടില്ലാത്തതാണെന്നും വ്യക്തമാക്കിയ അദ്ദേഹം, പാർട്ടി ഈ പ്രസ്താവനകൾ തിരുത്തുമെന്നും ഉറപ്പിച്ചു പറഞ്ഞു. അതോടൊപ്പം മുസ്ലിം ലീഗിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ലീഗിനെ വിമർശിച്ചാൽ അത് എങ്ങനെയാണ് മലപ്പുറത്തെയോ ഇസ്‌ലാമിനെയോ അധിക്ഷേപിക്കുന്നതാവുക എന്ന് അദ്ദേഹം ചോദിച്ചു. വെള്ളാപ്പള്ളി നടേശൻ വിമർശിച്ചത് ലീഗിനെയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ ചില പ്രസ്താവനകളോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി രാഷ്ട്രീയത്തെയും സ്ഥാനാർത്ഥി നിർണ്ണയത്തെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടാണ് പാലോളി പങ്കുവെച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ ജനകീയരായവർ സ്ഥാനാർത്ഥിയാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എംഎൽഎ ജോസ് ബേബിയെപ്പോലെ ജനങ്ങളുമായി അടുത്ത ബന്ധമുള്ള സിപിഐ സ്ഥാനാർത്ഥികൾ വന്നാലേ വിജയം ഉറപ്പിക്കാനാവൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമി മുൻപ് സിപിഐഎമ്മിന് നിരുപാധികം പിന്തുണ നൽകിയിട്ടുണ്ടെങ്കിലും പാർട്ടി അങ്ങോട്ട് പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും ന്യൂനപക്ഷങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

See also  ചികിത്സ മുടങ്ങുമോ? മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

Also Read: വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക്; 140 മണ്ഡലങ്ങളിലും എൽഡിഎഫ് ജാഥ, ധർമ്മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റൻ

സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷ പോറ്റിക്കെതിരെയും പാലോളി മുഹമ്മദ് കുട്ടി പരോക്ഷ വിമർശനം ഉന്നയിച്ചു. പാർലമെന്ററി മോഹം കമ്മ്യൂണിസ്റ്റുകാർക്കിടയിലും ഉണ്ടെന്നും ചിലരിൽ അത് കൂടുതലായി കാണുന്നുവെന്നുമാണ് ഐഷ പോറ്റിയുടെ പാർട്ടി മാറ്റത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. എൻഎസ്എസും എസ്എൻഡിപിയും വ്യക്തമാക്കുന്നത് അവരുടെ നിലപാടാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിൽ ഇടതുപക്ഷത്തിന്റെ മൂന്നാം ഭരണം ഉറപ്പാണെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

The post നേതാക്കൾക്ക് തിരുത്തുമായി പാലോളി മുഹമ്മദ് കുട്ടി; മുസ്‌ലിം ലീഗിനും വിമർശനം appeared first on Express Kerala.

Spread the love

New Report

Close