
‘സൂദു കവ്വും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നളൻ കുമാരസാമി സംവിധാനം ചെയ്ത കാർത്തി ചിത്രം ‘വാ വാത്തിയാർ’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോയ ചിത്രം ജനുവരി 28 മുതൽ ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. തിയേറ്റർ റിലീസ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ എത്തുന്നു എന്നത് ശ്രദ്ധേയമാണ്. കടുത്ത എംജിആർ ആരാധകനായ ഒരു കഥാപാത്രത്തെയാണ് കാർത്തി ഇതിൽ അവതരിപ്പിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.
എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നളൻ കുമാരസാമി ഒരു ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. സത്യരാജ് വില്ലനായും രാജ് കിരൺ പ്രധാന വേഷത്തിലും ചിത്രത്തിൽ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ‘മെയ്യഴകൻ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം തിയേറ്ററിലെത്തിയ കാർത്തി ചിത്രത്തിന് ഭേദപ്പെട്ട അഭിപ്രായങ്ങൾ ലഭിച്ചിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ഒടിടി റിലീസിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് സിനിമ എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
The post തിയേറ്ററിൽ കാലിടറി കാർത്തിയുടെ ‘വാ വാത്തിയാർ’; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു appeared first on Express Kerala.



