
തിരുവനന്തപുരത്ത് പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജന് (56) അതിവേഗ പ്രത്യേക കോടതി 43 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കാൻ വീഴ്ച വരുത്തിയാൽ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരുമെന്ന് ജഡ്ജി അഞ്ജു മീര ബിർള വിധിന്യായത്തിൽ വ്യക്തമാക്കി. പ്രതി നൽകേണ്ട പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
2021 സെപ്റ്റംബറിനും ഒക്ടോബറിനുമിടയിൽ നഗരത്തിലെ ഒരു ഹോസ്റ്റലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിലെ ക്ലീനറായിരുന്ന പ്രതി, മിഠായി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ പ്രലോഭിപ്പിച്ച് ആരുമില്ലാത്ത നേരത്ത് ശൗചാലയത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഭീഷണി ഭയന്ന് കുട്ടി ആദ്യ തവണ ക്രൂരത പുറത്തുപറഞ്ഞില്ല. എന്നാൽ രണ്ടാമത്തെ സംഭവത്തിന് ശേഷം കുട്ടിയെയും പ്രതിയെയും സംശയാസ്പദമായ സാഹചര്യത്തിൽ മറ്റൊരാൾ കണ്ടതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പരിഭ്രമിച്ചുനിന്ന കുട്ടിയെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയതോടെ ക്രൂരതയുടെ വിവരങ്ങൾ വെളിപ്പെടുകയായിരുന്നു.
Also Read: കൊട്ടാരക്കരയിൽ പൊലീസിനെ മർദ്ദിച്ച രണ്ടു പേർ അറസ്റ്റിൽ
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ ഹാജരായി. വിചാരണ വേളയിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി.വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം.ആർ. എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്.
The post മിഠായി നൽകി പ്രലോഭിപ്പിച്ച് പീഡനം; വെങ്ങാനൂർ സ്വദേശിക്ക് 43 വർഷം കഠിനതടവ് appeared first on Express Kerala.



