
ആലപ്പുഴ: ചെന്നിത്തലയിൽ പ്രവാസിയുടെ വീടു കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ കവർച്ച. യുകെയിൽ താമസിക്കുന്ന ചെന്നിത്തല അഞ്ചാം വാർഡ് സ്വദേശി വലിയവീട്ടിൽ ജോസിന്റെ ഷാരോൺ വില്ലയിലാണ് മോഷണം നടന്നത്. 20 പവൻ സ്വർണം, ലാപ്ടോപ്പ്, 25 യുകെ പൗണ്ട് (ഏകദേശം 30,000 രൂപ), പാസ്‌പോർട്ട് അടക്കമുള്ള വിലപ്പെട്ട രേഖകൾ എന്നിവ സംഘം മോഷ്ടിച്ചു.
രണ്ടുമാസം മുൻപ് നാട്ടിലെത്തിയ ജോസും കുടുംബവും ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ ഗേറ്റിന്റെ പൂട്ട് മുറിച്ചുമാറ്റുകയും പ്രധാന വാതിൽ കുത്തിപ്പൊളിക്കുകയും ചെയ്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. രാത്രിയിൽ വീടു നോക്കാൻ ഏൽപ്പിച്ചിരുന്നയാൾ ലൈറ്റ് അണയ്ക്കാനെത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചത്.
Also Read: 13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിക്ക് 100 വർഷം തടവ് വിധിച്ച് കോടതി
അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിളാണുള്ളത്. മുറികളിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി രജീഷ്‌കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി മാന്നാർ പോലീസ് അറിയിച്ചു.
The post ചെന്നിത്തലയിൽ പ്രവാസിയുടെ വീട്ടിൽ വൻ കവർച്ച; 20 പവൻ സ്വർണവും വിദേശ കറൻസിയും കവർന്നു appeared first on Express Kerala.



