
കോഴിക്കോട്: കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച കെ റെയിൽ പദ്ധതി ഇനി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഉടൻ തന്നെ നീക്കം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതിവേഗ റെയിൽ പാത കേരളത്തിന് ആവശ്യമാണെന്ന കാര്യത്തിൽ തർക്കമില്ലെങ്കിലും അത് സംസ്ഥാനത്തെ ഭൂലഭ്യതയ്ക്ക് അനുയോജ്യമായ പദ്ധതിയായിരിക്കണമെന്നും, പ്രത്യേകമായ പിടിവാശികൾ ഇക്കാര്യത്തിൽ സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ മെല്ലെപ്പോക്കിനെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. എയിംസ് വെറും വാക്കുകളിൽ ഒതുങ്ങരുതെന്നും, “കോഴിക്ക് മുല വരും” എന്ന് പറയുന്നത് പോലെയാകരുത് കേന്ദ്രത്തിന്റെ വാഗ്ദാനമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, സീറ്റ് വിഭജന ചർച്ചകൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ഇത്തവണ അധികം സീറ്റുകൾക്കായി സിപിഐ സമ്മർദ്ദം ചെലുത്തില്ലെന്നും വ്യക്തമാക്കി.
Also Read: യുവജനങ്ങൾക്കായി പ്രത്യേക വകുപ്പ്; യുഡിഎഫിന്റെ വാഗ്ദാനവുമായി വി.ഡി. സതീശൻ
കോൺഗ്രസ് നേതാക്കളെയും യുഡിഎഫിനെയും കടന്നാക്രമിച്ച ബിനോയ് വിശ്വം, ശശി തരൂർ എത്ര കാലം കൂടി കോൺഗ്രസിൽ തുടരുമെന്ന് ചോദിച്ചു. പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുന്ന തരൂർ കോൺഗ്രസിൽ തുടരുന്നത് അത്ഭുതമാണെന്നും, എന്നാൽ അദ്ദേഹത്തെ സിപിഎം ക്ഷണിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിൽ നിന്ന് കേരള കോൺഗ്രസ് (എം) അടക്കമുള്ള ഒരു കക്ഷിയും യുഡിഎഫിലേക്ക് പോകില്ലെന്നും, പ്രതിപക്ഷത്തിന്റെ ചൂണ്ടയിൽ ആരും വീഴില്ലെന്നും അദ്ദേഹം പരിഹസിച്ചു. മത്സരത്തിനില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവന വരാനിരിക്കുന്ന തോൽവി ഭയന്നാണെന്നും ബിനോയ് വിശ്വം കോഴിക്കോട്ട് പറഞ്ഞു.
The post കെ റെയിൽ ഇനി അടഞ്ഞ അധ്യായം! മഞ്ഞക്കുറ്റികൾ നീക്കം ചെയ്യും; ബിനോയ് വിശ്വം appeared first on Express Kerala.



