ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ 1 മണിക്കൂർ 26 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം പൂർത്തിയാക്കുമ്പോൾ, കേരളത്തിന് ഇത്തവണയും നിരാശയുടെ കൈപ്പേറിയ അനുഭവമാണ് ബാക്കിയാകുന്നത്. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് ഇത്തവണയും പ്രഖ്യാപിക്കപ്പെട്ടില്ല. റെയിൽവേ വികസനത്തിന്റെ കാര്യത്തിലും കേരളത്തോട് കടുത്ത അവഗണനയാണ് കേന്ദ്രം കാട്ടിയത്. രാജ്യമൊട്ടാകെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോൾ കേരളം ലിസ്റ്റിൽ എവിടെയും ഇടംപിടിച്ചില്ല.
മുംബൈ-പൂനെ മുതൽ ഡൽഹി-വാരാണസി വരെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ ഹൈ-സ്പീഡ് റെയിൽ പാതകൾ വരുമെങ്കിലും തെക്കേ അറ്റത്തുള്ള കേരളത്തിന് അത്തരമൊരു പരിഗണനയും ലഭിച്ചില്ല. ധാതു ഇടനാഴി, നാളികേര പ്രോത്സാഹന പദ്ധതി, കടലാമ സംരക്ഷണ കേന്ദ്രം, ആയുർവേദ മേഖലയിലെ ചില പ്രഖ്യാപനങ്ങൾ എന്നിവ മാത്രമാണ് കേരളത്തിന് ആശ്വാസമായി പറയാനുള്ളത്. ബജറ്റ് പ്രസംഗത്തിനിടെ കേരളത്തിന് അർഹമായത് വേണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ മുറവിളി കൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
Also Read: എന്താണ് ഈ ‘അപൂർവ ഭൂമി ഇടനാഴി’? കേരളത്തെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക വിപ്ലവമോ?
ബജറ്റിന്റെ തുടക്കത്തിൽ കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ‘ധാതു ഇടനാഴി’ പ്രഖ്യാപിച്ചത് മാത്രമാണ് എടുത്തുപറയാവുന്ന ഒരു വലിയ നേട്ടം. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന്റെ ഭാഗമായുള്ള ഈ പദ്ധതി, കേരളത്തിന്റെ ധാതുസമ്പത്ത് ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ കേരള ബജറ്റിൽ പ്രഖ്യാപിച്ച വിഴിഞ്ഞം-ചവറ റെയർ എർത്ത് കോറിഡോറിന് ഈ കേന്ദ്ര പദ്ധതി കരുത്തേകുമെങ്കിലും, സംസ്ഥാനത്തിന്റെ മറ്റ് അടിസ്ഥാന വികസന ആവശ്യങ്ങളെ കേന്ദ്രം പാടെ അവഗണിച്ചു എന്ന വികാരമാണ് ഇപ്പോൾ ഉയരുന്നത്.
The post എയിംസ് ഇല്ല, അതിവേഗ റെയിലില്ല; അവഗണനയുടെ പടുകുഴിയിൽ വീണ്ടും കേരളം appeared first on Express Kerala.



