
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി രഞ്ജിത്തിന് വീണ്ടും പരോൾ അനുവദിച്ചത് വൻ വിവാദമാകുന്നു. വെറും രണ്ട് മാസത്തെ ഇടവേളയിലാണ് പ്രതിക്ക് വീണ്ടും പുറത്തിറങ്ങാൻ സർക്കാർ സൗകര്യമൊരുക്കിയത്. കൊലക്കേസിലെ മറ്റ് പ്രധാന പ്രതികളായ പീതാംബരൻ, ജിജിൻ എന്നിവരും നിലവിൽ പരോളിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നടപടി.
നിയമസഭയിൽ സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകളിലെ കുറ്റവാളികൾക്ക് ‘തോന്നുംപടി’ പരോൾ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആഞ്ഞടിച്ചിരുന്നു. ഈ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് സതീശൻ കുറ്റപ്പെടുത്തി. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട സുബീഷ് എന്ന പ്രതിക്ക് ശിക്ഷ മരവിപ്പിക്കാൻ ഹൈക്കോടതി വിസമ്മതിച്ചിട്ടും, സർക്കാർ ഇടപെട്ട് പരോൾ നൽകിയത് മുൻപ് വലിയ നിയമവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്; ഡി സുധീഷ് കുമാറിന് ജാമ്യം
“നിങ്ങൾക്ക് എന്ത് ക്രൂരതയും ചെയ്യാം, സംരക്ഷിക്കാൻ ഞങ്ങളുണ്ട് എന്ന സന്ദേശമാണ് സർക്കാർ ക്രിമിനലുകൾക്ക് നൽകുന്നത്” എന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണൻ പ്രതികരിച്ചു. പ്രതികൾ ജയിലിൽ പോകുന്നത് ടൂർ പോകുന്നതുപോലെയാണെന്നും, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് സർക്കാർ ഇത്തരം കൊലയാളികൾക്ക് നിയമസഹായം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. നീതിക്കായി നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post രണ്ട് മാസത്തിനിടെ വീണ്ടും പരോൾ! പെരിയ കേസിലെ പത്താം പ്രതിയും പുറത്തിറങ്ങി appeared first on Express Kerala.



