
കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളിൽ നിയമവിരുദ്ധമായി കഴിയുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ജനവാസ മേഖലകളിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. ഇത്തരം മേഖലകളിലെ ബാച്ചിലർമാരുടെ താമസം സുരക്ഷാ ഭീഷണിയാണെന്നും സാമൂഹികാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം റൗദ മേഖലയിലെ ഒരു വീട്ടിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു ചെറിയ വീട്ടിൽ അമ്പതിലധികം ബാച്ചിലർമാരെയാണ് നിയമവിരുദ്ധമായി താമസിപ്പിച്ചിരുന്നത്. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും വീട് വാടകയ്‌ക്കെടുത്തയാൾക്കുമെതിരെ മന്ത്രാലയം നിയമനടപടി സ്വീകരിച്ചു. പൊതുസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ഇത്തരം താമസസൗകര്യങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Also Read: ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം! തട്ടിപ്പുകൾക്കെതിരെ ജാഗ്രതയുമായി പൊലീസ്
നിയമലംഘനങ്ങൾ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയ സർക്കാർ പൊതുജനങ്ങളുടെ സഹകരണവും തേടിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽ ബാച്ചിലർമാരോ നിയമവിരുദ്ധമായി തൊഴിലാളികളോ താമസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ പബ്ലിക് സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്ററിലോ വിവരം അറിയിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. സുരക്ഷിതമായ താമസപരിസരം ഉറപ്പാക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
The post റെസിഡൻഷ്യൽ മേഖലയിലെ ബാച്ചിലർ താമസം! നടപടി കടുപ്പിച്ച് കുവൈത്ത്; പരിശോധന ശക്തം appeared first on Express Kerala.



