
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് രംഗത്ത്. ഇന്ത്യയുമായുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ പാകിസ്ഥാന് ചങ്കൂറ്റമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ധൈര്യമുണ്ടെങ്കിൽ അത് പ്രവർത്തിച്ചു കാണിക്കണമെന്ന് വെല്ലുവിളിച്ചു. സ്വന്തം നാട്ടിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ തള്ളിക്കളഞ്ഞ് വെറും ‘അഹങ്കാരം’ കാണിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്ന് വരുത്തിത്തീർത്ത് സ്വന്തം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാടകമാണിതെന്ന് ഹർഭജൻ പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരം വേണ്ടെന്നു വെക്കുന്നതിലൂടെ പാകിസ്ഥാന് എന്ത് നേട്ടമാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത്ര ഉറച്ച തീരുമാനമാണെങ്കിൽ അത് നടപ്പിലാക്കി കാണിക്കണമെന്നും നിങ്ങളുടെ ചങ്കൂറ്റം ലോകം കാണട്ടെ എന്നും അദ്ദേഹം പരിഹസിച്ചു.
Also Read: ‘ഇന്ത്യയെ നേരിടാൻ പാകിസ്ഥാന് ഭയം’; ബഹിഷ്കരണ നീക്കത്തിനെതിരെ ഡാനിഷ് കനേരിയ
ലോകകപ്പിൽ നിന്ന് പുറത്തായ ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാക് സർക്കാർ തീരുമാനിച്ചത്. എന്നാൽ ഇതിനോട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചാൽ ഏകദേശം 4500 കോടി രൂപയുടെ വരെ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൾ. കൂടാതെ ഐസിസിയിൽ നിന്ന് വലിയ അച്ചടക്ക നടപടികളും പാകിസ്ഥാൻ നേരിടേണ്ടി വരും. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ലോകകപ്പിൽ 15-നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം നടക്കേണ്ടത്.
The post കളിക്കാൻ ചങ്കൂറ്റമുണ്ടോ? പാകിസ്ഥാനെ വെല്ലുവിളിച്ച് ഹർഭജൻ സിംഗ്; ലോകകപ്പ് ബഹിഷ്കരണത്തിനെതിരെ രൂക്ഷവിമർശനം appeared first on Express Kerala.



