ആലപ്പുഴ: സമുദായങ്ങൾ തമ്മിലുള്ള ഐക്യനീക്കങ്ങളിൽ എൻ.എസ്.എസ് മുഖംതിരിച്ചു നിൽക്കുമ്പോഴും പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി. സമാന ചിന്താഗതിയുള്ളവർ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോകുമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുന്നറിയിപ്പ് നൽകി. യോഗത്തിന്റെ മുഖപത്രമായ ‘യോഗനാഥ’ത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. മതന്യൂനപക്ഷ പാർട്ടികളുടെ രാഷ്ട്രീയ സ്വാധീനം വർധിക്കുമ്പോൾ ഭൂരിപക്ഷ വിഭാഗം അവഗണിക്കപ്പെടുകയാണെന്നും ഈ ദുരവസ്ഥ മാറ്റാൻ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് കണ്ണൂരിൽ; നാല് കേന്ദ്രങ്ങളിൽ ആവേശോജ്ജ്വല സ്വീകരണം
മനുഷ്യന്റെ വേദനയും സന്തോഷവും ഒന്നാണെന്ന തിരിച്ചറിവ് പലർക്കും ഇല്ലാത്തത് കേരളത്തിന്റെ വലിയ ദുര്യോഗമാണെന്ന് വെള്ളാപ്പള്ളി ലേഖനത്തിൽ പറയുന്നു. ഏറെക്കാലമായി ഭൂരിപക്ഷ സമൂഹം ഒറ്റപ്പെട്ട നിലയിലാണ്. ഈ ഒറ്റപ്പെടൽ അവസാനിപ്പിക്കാനാണ് താൻ ഐക്യശ്രമങ്ങൾ നടത്തുന്നത്. ഈ ലക്ഷ്യം വൈകാതെ തന്നെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സമുദായ ഐക്യത്തിലൂടെ മാത്രമേ ഭൂരിപക്ഷ വിഭാഗത്തിന് അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹം പങ്കുവെക്കുന്നത്.
പൊതുപ്രവർത്തന രംഗത്ത് താൻ ഒരുപാട് ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാൽ തന്നെ വേട്ടയാടിയത് സമുദായത്തിലെ തന്നെ ‘കുലംകുത്തികൾ’ ആണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വിമർശനങ്ങൾക്കിടയിലും സമുദായ ഐക്യമെന്ന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എൻ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള വാതിലുകൾ അടഞ്ഞിട്ടില്ലെന്നും പൊതുവായ ലക്ഷ്യങ്ങൾക്കായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ഭൂരിപക്ഷ ഏകീകരണത്തിനുള്ള നീക്കങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
The post “ജാതി പറഞ്ഞ് പോരടിച്ചാൽ അധോഗതി”; ഹൈന്ദവ ഐക്യത്തിനായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



