
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത വിമാനാപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ. അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 എക്സ്ആർ വിമാനത്തിന്റെ ഉടമസ്ഥരായ ‘വിഎസ്ആർ വെഞ്ച്വേഴ്സ്’ എന്ന സ്വകാര്യ ജെറ്റ് കമ്പനിക്കെതിരെ പ്രത്യേക ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടു. മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള യാത്രയ്ക്കിടെ മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് വിമാനം തകർന്നുവീണത്. അപകടത്തിൽ അജിത് പവാർ, പൈലറ്റുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ, ഫ്ലൈറ്റ് അറ്റൻഡന്റ് എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു.
കമ്പനിയുടെ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായിരുന്നോ എന്നും ലോഗ്ബുക്കുകൾ പ്രോട്ടോക്കോൾ അനുസരിച്ച് രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ഡിജിസിഎ പരിശോധിക്കും. ഫെബ്രുവരി 15-നകം ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇതിനുപുറമെ, എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അപകടത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തിവരികയാണ്.
Also Read: പ്രവാസികൾക്ക് ആശ്വാസം! ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്ക്ക് പുതിയ പരിധി
വിഎസ്ആർ വെഞ്ച്വേഴ്സിനെതിരെ നേരത്തെ യൂറോപ്യൻ യൂണിയൻ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നതായും ഡിജിസിഎ വെളിപ്പെടുത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യൂറോപ്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിൽ നിന്ന് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ഈ കമ്പനിയെ വിലക്കിയിരുന്നു. ഇത്രയും ഗൗരവകരമായ സുരക്ഷാ വീഴ്ചകളുള്ള കമ്പനിയുടെ വിമാനത്തിലാണോ ഉപമുഖ്യമന്ത്രി യാത്ര ചെയ്തതെന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്.
The post അജിത് പവാറിന്റെ മരണം! വിമാന കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഡിജിസിഎ; സുരക്ഷാ വീഴ്ചയിൽ പ്രത്യേക ഓഡിറ്റ് appeared first on Express Kerala.



