പത്തനംതിട്ടയിൽ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറി വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. റാന്നി ഡിവിഷനിലെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എ. അശോകനെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ഇയാൾ ജോലിസ്ഥലത്ത് വെച്ച് കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പരാതി. എറണാകുളം നേര്യമംഗലം സ്വദേശിയായ അശോകനെതിരെ ഇന്ന് രാവിലെ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
വനിതാ ഉദ്യോഗസ്ഥ നൽകിയ പരാതി ആദ്യം വനംവകുപ്പിനുള്ളിൽ തന്നെ ഒതുക്കിതീർക്കാൻ ശ്രമം നടന്നതായി ആക്ഷേപമുണ്ട്. എന്നാൽ പീഡനത്തിനിരയായ ഉദ്യോഗസ്ഥയും ഭർത്താവും പരാതിയിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്. മുൻപും സമാനമായ ആക്ഷേപങ്ങളെത്തുടർന്ന് വകുപ്പുതല നടപടി നേരിട്ടിട്ടുള്ള വ്യക്തിയാണ് അശോകനെന്ന് പോലീസ് അറിയിച്ചു.
Also Read: അടിപ്പാതയ്ക്കായി സമരം; കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
സ്ത്രീത്വത്തെ അപമാനിക്കൽ, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശോകനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് സാധ്യത. വകുപ്പുതലത്തിൽ ഇയാൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
The post വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അറസ്റ്റിൽ appeared first on Express Kerala.



