
തിയേറ്ററുകളിൽ ചിരിയും പേടിയും നിറച്ച മാത്യു തോമസ് ചിത്രം ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒടിടിയിലേക്ക്. ഹൊറർ ഫാന്റസി കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രം ഫെബ്രുവരി 6 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 ൽ സ്ട്രീമിംഗ് ആരംഭിക്കും. ഒക്ടോബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് മാസത്തിന് ശേഷമാണ് ഡിജിറ്റൽ റിലീസിന് തയ്യാറെടുക്കുന്നത്.
മലയാളത്തിലെ പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന ദുരൂഹവും എന്നാൽ രസകരവുമായ സംഭവവികാസങ്ങളെ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണനാണ് നായികയായെത്തുന്നത്. കൂടാതെ അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, ‘ആവേശം’ ഫെയിം റോഷൻ ഷാനവാസ്, നസീർ സംക്രാന്തി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
Also Read: ‘ഇതെന്റെ കെജിഎഫ്’; ആക്ഷൻ വിരുന്നൊരുക്കാൻ ആസിഫ് അലി, ‘ടിക്കി ടാക്ക’ ഗ്ലിംപ്സ് പുറത്ത്!
ടി-സീരീസ് സൗത്ത് ഏറ്റെടുത്ത ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ‘കാതൽ പൊന്മാൻ’, ‘ഭൂത ഗണം’ തുടങ്ങിയ ഗാനങ്ങൾ യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഹോളിവുഡ് ശൈലിയിലുള്ള ആക്ഷൻ രംഗങ്ങളും മികച്ച വിഎഫ്എക്സും ചിത്രത്തിന് തിയേറ്ററുകളിൽ വലിയ സ്വീകാര്യത നൽകി. എ ആന്റ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
The post കാത്തിരിപ്പിന് വിരാമം; മാത്യു തോമസിന്റെ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ ഒടിടിയിലേക്ക്! appeared first on Express Kerala.




