ലോക്‌സഭയിൽ പോർവിളി; മോദിയുടെ പ്രസംഗമില്ലാതെ നന്ദിപ്രമേയം പാസാക്കി

ലോക്‌സഭയിൽ പോർവിളി; മോദിയുടെ പ്രസംഗമില്ലാതെ നന്ദിപ്രമേയം പാസാക്കി

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭ പാസാക്കി. ബുധനാഴ്ച മറുപടി പ്രസംഗം നടത്താൻ പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം മൂലം സഭ തടസ്സപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് പ്രധാനമന്ത്രി സഭയിലെത്തിയില്ല. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി ഉദ്ധരിക്കാൻ ശ്രമിച്ചതും സ്പീക്കർ അത് തടഞ്ഞതുമാണ് സഭയിൽ കടുത്ത ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് വഴിവെച്ചത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്ത സർക്കാർ നിലപാടിനെ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ സഭയിൽ രൂക്ഷമായി വിമർശിച്ചു. പാർലമെന്ററി ജനാധിപത്യത്തിൽ പ്രതിപക്ഷ നേതാവിന് ചർച്ചകൾക്ക് തുടക്കമിടാനും സംസാരിക്കാനുമുള്ള അവകാശമുണ്ടെന്നും അത് നിഷേധിക്കുന്നത് ജനാധിപത്യ തത്വങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ കർഷകർ ആശങ്കാകുലരാണെന്നും വിഷയത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ നടത്തിയെന്നും വേണുഗോപാൽ ആരോപിച്ചു.

Also Read: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.യുടെ ‘വാഗ്ദാനപ്പെരുമഴ’; 3 സൗജന്യ സിലിണ്ടറും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളലും!

സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിക്കുകയും കടലാസുകൾ കീറിയെറിയുകയും ചെയ്തതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാർലമെന്ററി മര്യാദകൾക്ക് നിരക്കാത്തതാണെന്നും സഭ സുഗമമായി നടത്താൻ ഇത്തരം നടപടികൾ തടസ്സമാണെന്നും സ്പീക്കർ ഓം ബിർള വിമർശിച്ചു. ബഹളം തുടർന്ന സാഹചര്യത്തിൽ സഭ ഉച്ചവരെ നിർത്തിവെക്കാൻ സ്പീക്കർ ഉത്തരവിട്ടു.

The post ലോക്‌സഭയിൽ പോർവിളി; മോദിയുടെ പ്രസംഗമില്ലാതെ നന്ദിപ്രമേയം പാസാക്കി appeared first on Express Kerala.

Spread the love
Scroll to Top