
സംസ്ഥാന സർക്കാരിന്റെ പുതിയ റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മെട്രോമാൻ ഇ. ശ്രീധരൻ. സർക്കാർ നീക്കം ശുദ്ധവിവരക്കേടാണെന്നും താൻ മുൻപോട്ടു വെച്ച അതിവേഗ റെയിൽപാതയെ അട്ടിമറിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആർആർടിഎസ് റെയിൽവേ നിയമപ്രകാരം നടപ്പാക്കാൻ കഴിയില്ലെന്നും മെട്രോ നിയമത്തിന് കീഴിൽ മാത്രമേ ഇതിന് സാധ്യതയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർലൈനിന് ബദലായി സർക്കാർ കൊണ്ടുവന്ന ഈ പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിൽ വിഭാവനം ചെയ്യുന്ന ഈ പദ്ധതി 1,92,780 കോടി രൂപ ചിലവിലാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. നാല് ഘട്ടങ്ങളിലായി 12 വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് (തിരുവനന്തപുരം – തൃശൂർ) ഇപ്പോൾ അനുമതി ലഭിച്ചിട്ടുണ്ട്. ജനസാന്ദ്രതയും പരിസ്ഥിതിയും പരിഗണിച്ച് ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനായി ഭൂരിഭാഗം പാതയും തൂണുകളിന്മേലുള്ള (Elevated Viaduct) മാതൃകയിലാണ് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Also Read; കേരളത്തെ തകർത്തത് ഇടത്-വലത് മുന്നണികൾ; വികസനത്തിനായി ബിജെപി വരണമെന്ന് നിതിൻ നബിൻ
ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിൽ ഫണ്ടിങ് കണ്ടെത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആകെ ചിലവിന്റെ 20 ശതമാനം വീതം സംസ്ഥാന-കേന്ദ്ര സർക്കാരുകളും ബാക്കി 60 ശതമാനം രാജ്യാന്തര വായ്പകളിലൂടെയും കണ്ടെത്താനാണ് നീക്കം. സിൽവർലൈൻ പദ്ധതിക്ക് റെയിൽവേയുടെ സാങ്കേതിക തടസ്സങ്ങളും ജനകീയ പ്രതിഷേധങ്ങളും ഉണ്ടായ പശ്ചാത്തലത്തിലാണ് കൂടുതൽ പ്രായോഗികമെന്ന് അവകാശപ്പെടുന്ന ആർആർടിഎസ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
നേരത്തെ, കേന്ദ്ര റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം അതിവേഗ റെയിൽപാതയ്ക്കുള്ള ഡിപിആർ തയ്യാറാക്കാൻ ഇ. ശ്രീധരൻ പൊന്നാനിയിൽ ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ പുതിയ ഉത്തരവ് വന്നതോടെ ഈ രണ്ട് പദ്ധതികളും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. പുതിയ ആർആർടിഎസ് പദ്ധതി കൊച്ചി മെട്രോയുമായും തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ വരാനിരിക്കുന്ന മെട്രോ പദ്ധതികളുമായും ബന്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
The post അതിവേഗ പാതയോ ആർആർടിഎസ്സോ? കേരളത്തിന്റെ റെയിൽ വികസനത്തിൽ ഇ. ശ്രീധരനും സർക്കാരും നേർക്കുനേർ appeared first on Express Kerala.



