
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണ നടപടികൾക്ക് വേഗം കൂടുന്നു. എട്ടാം ശമ്പള കമ്മീഷൻ ഔദ്യോഗികമായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും അഭിപ്രായങ്ങൾ തേടിത്തുടങ്ങി. കമ്മിഷൻ തയ്യാറാക്കിയ 18 ചോദ്യങ്ങൾക്കാണ് മറുപടി നൽകേണ്ടത്.
വരും മാസം മാർച്ച് 16 വരെയാണ് അഭിപ്രായങ്ങൾ അറിയിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. http://bit.ly/cpcques എന്ന ലിങ്ക് വഴിയോ http://8cpc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വിവരങ്ങൾ സമർപ്പിക്കാം.
സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് നിലവിൽ വന്നത്. 18 മാസത്തെ സമയപരിധിയാണ് റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിരിക്കുന്നത്. ഇതനുസരിച്ച് 2027 മേയ് 3-നകം കമ്മീഷൻ അന്തിമ റിപ്പോർട്ട് നൽകണം. എങ്കിലും ഇടക്കാല റിപ്പോർട്ടുകൾക്കും സാധ്യതയുണ്ട്.
Also Read: വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ; കെഎസ്ഇബി പിന്മാറുന്നു; ഇനി സ്വകാര്യ ഏജൻസികൾ വരും
വാസ്തവത്തിൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ ഈ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ 2027 മേയ് വരെ സമയമുള്ളതിനാൽ നടപ്പിലാക്കാൻ ഇനിയും വൈകിയേക്കാം. എങ്കിലും ജീവനക്കാർക്ക് ഒരു വലിയ ആശ്വാസ വാർത്തയുണ്ട്:
എന്ന് നടപ്പിലാക്കിയാലും, 2026 ജനുവരി 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാകും പുതുക്കിയ ശമ്പളം ലഭിക്കുക. അതായത്, ഇതിനിടയിലുള്ള കാലയളവിലെ തുക കുടിശ്ശികയായി ജീവനക്കാരുടെ അക്കൗണ്ടിലെത്തും.
The post കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ശ്രദ്ധിക്കാൻ! എട്ടാം ശമ്പള കമ്മീഷൻ അഭിപ്രായം തേടുന്നു; മാർച്ച് 16-നകം പ്രതികരിക്കണം appeared first on Express Kerala.


