
തിരുവനന്തപുരം നഗരത്തിലെ ഗ്രാമീണ വാർഡുകളെയും ഇടറോഡുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള കെഎസ്ആർടിസി ഇലക്ട്രിക് ബസ് സർവീസുകൾക്ക് തുടക്കമായി. ഗതാഗത വകുപ്പും തിരുവനന്തപുരം കോർപ്പറേഷനും തമ്മിലുണ്ടായിരുന്ന ദീർഘനാളത്തെ തർക്കങ്ങൾക്കൊടുവിലാണ് റീഷെഡ്യൂൾ ചെയ്ത സർവീസുകൾ ആരംഭിക്കാൻ തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹകരിച്ച ഗതാഗത വകുപ്പിനും മന്ത്രിക്കും തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.
മേയറുടെ വാർഡായ കൊടുങ്ങാനൂരിലെ കുലശേഖരത്ത് നിന്നാണ് ആദ്യ സർവീസ് ആരംഭിച്ചത്. ശനിയാഴ്ച രാവിലെ 7.30-ന് കുലശേഖരത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് സർവീസ് മേയർ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കുലശേഖരത്ത് നിന്ന് തുടങ്ങി കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിൽ എത്തുന്ന രീതിയിലാണ് ആദ്യ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള മറ്റ് വാർഡുകളിലും ബസുകൾ ഓടിത്തുടങ്ങും.
Also Read: വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ; കെഎസ്ഇബി പിന്മാറുന്നു; ഇനി സ്വകാര്യ ഏജൻസികൾ വരും
തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇടറോഡുകളിലെ യാത്രാസൗകര്യം. ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോൾ ആരംഭിച്ച സർക്കുലർ സർവീസുകൾ, പിന്നീട് കെ.ബി. ഗണേഷ് കുമാർ മന്ത്രിയായതോടെ വെട്ടിക്കുറയ്ക്കുകയും നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മേയറും ഗതാഗത മന്ത്രിയും നടത്തിയ ചർച്ചകളെത്തുടർന്നാണ് ജനകീയ ആവശ്യത്തിന് പരിഹാരമായത്.
നിലവിൽ കെഎസ്ആർടിസി ബസുകൾ ഇല്ലാത്ത റൂട്ടുകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പ്രധാനമായും സർവീസ് നടത്തുക. ഇപ്പോൾ അനുവദിച്ച 23 റൂട്ടുകൾക്ക് പുറമെ, മറ്റ് കൗൺസിലർമാരുടെ ആവശ്യപ്രകാരം പുതിയ റൂട്ടുകൾ കൂടി അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മേയർ വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post തലസ്ഥാനത്തെ ഇടറോഡുകളിൽ ഇനി ഇ-ബസ് വേഗം; 23 റൂട്ടുകളിൽ സർവീസ് തുടങ്ങി; നന്ദി പറഞ്ഞ് മേയർ appeared first on Express Kerala.


